ചെന്നൈ: ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യം(74) അന്തരിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 1:04 ഓടെയായിരുന്നു മരണം. എസ്പിബിയുടെ മരണം സ്ഥിരീകരിച്ചതായി മകന്‍ മാധ്യമങ്ങളെ അറിയിച്ചു.
ഈ മാസം ഏഴാം തീയതി എസ്പിബി കോവിഡ് മുക്തനായതായി മകന്‍ അറിയിച്ചിരുന്നു.എന്നാല്‍ പിന്നീട് പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങള്‍ ആരോഗ്യനില വഷളാക്കി.
ഓഗസ്റ്റ് 5-നാണ് എസ് പി ബാലസുബ്രഹ്‌മണ്യത്തിനും ഭാര്യ സാവിത്രിക്കും കോവിഡ് സ്ഥിരീകരിച്ചത്.ആദ്യം വീട്ടില്‍ തന്നെയായിരുന്നു ചികിത്സ. എന്നാല്‍ പിന്നീട് ആരോഗ്യനില വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഗുരുതരമാവുകയായിരുന്നു.
ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തി നേടി. തെന്നിന്ത്യന്‍ ഭാഷകള്‍, ഹിന്ദി എന്നിവ ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ 40000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പദ്മശ്രീ, പദ്മഭൂഷന്‍ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ പുരസ്‌കാരങ്ങളും ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങളും കലൈമാമണി, കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങളും എസ്പിബിയെ തേടിയെത്തി. ബോളിവുഡ്, ദക്ഷിണേന്ത്യന്‍ ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയ്ക്കായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ എന്‍ ടി ആര്‍ ദേശീയ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
Discussion about this post