കാർഷിക മേഖലയിലെ നവ സംരംഭകര്‍ക്ക് വായ്പ സഹായമൊരുക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എഐഎഫ്) പദ്ധതി പ്രകാരമാണ് വായ്പയ്‌ക്കായി അപേക്ഷിക്കേണ്ടത്. ഒരു ലക്ഷം കോടി രൂപയാണ് വായ്പയായി നല്‍കുന്നത്.
അടിസ്ഥാന സൗകര്യങ്ങളായ ഇ മാര്‍ക്കറ്റിങ് പ്ലാറ്റ്ഫോം, പ്രൈമറി പ്രോസസ്സിങ് സെന്‍റര്‍, വെയര്‍ഹൗസ്, പാക്കിങ്ഹൗസ്, സോര്‍ട്ടിങ്- ഗ്രേഡിംഗ് യൂണിറ്റ് എന്നിവ സ്ഥാപിക്കാനാണ് സഹായം നൽകുന്നത്.
കര്‍ഷക ഉത്പാദന സംഘടനകള്‍ (എഫ്പിഒ) , പ്രാഥമിക കാർഷിക സഹകരണ സംഘങ്ങള്‍, കൃഷി സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, മാര്‍ക്കറ്റിങ് സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ബാങ്കുകളുടെയും മറ്റ് ധനകാര്യസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് വായ്പ നല്കുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്,ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് ,യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളാണ് ഇതില്‍ പങ്കാളികളാകുന്നത്.
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. Agriinfra.dac.gov.in വെബ്സൈറ്റില്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്കി ഐഡി ഉണ്ടാക്കണം. 2 കോടി രൂപ വരെ വായ്പ എടുക്കുന്നതിന് ഈട് നല്കേണ്ടതില്ല. ക്രെഡിറ്റ് ഇന്‍സെന്‍റീവ് പദ്ധതി പ്രകാരം 3 ശതമാനം നിരക്കില്‍ പലിശ സബ്സിഡിയായും ലഭിക്കും.
Discussion about this post