ഒക്ടോബർ മാസത്തോടെ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം തുക വർദ്ധിപ്പിക്കും. ആരോഗ്യ ഇൻഷുറൻസ് ഉപഭോക്തൃ കേന്ദ്രീകൃതമാക്കിയതിനെ തുടർന്നാണ് ഇത്.
പ്രീമിയം തുകയിൽ 5 മുതൽ 20 ശതമാനം വരെ വർധനവ് വരുമെന്നാണ് കണക്കുകൂട്ടൽ. ഇതിനോട് അനുബന്ധിച്ച് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ) കൊണ്ടുവന്ന മാർഗനിർദേശങ്ങൾ നിർബന്ധമായും നടപ്പിലാക്കണമെന്ന നിർദേശം ഇൻഷുറൻസ് കമ്പനികൾക്ക് ലഭിച്ചുകഴിഞ്ഞു.
പരിഷ്കരിച്ച നിയമങ്ങൾ ഒക്ടോബറിലാണ് നിലവിൽവരുന്നത്. പുതിയ പോളിസികൾക്കൊപ്പം നിലവിലുള്ള പോളിസികൾ പുതുക്കുമ്പോൾ പാലിക്കേണ്ട പൊതു മാനദണ്ഡങ്ങളും ഇതോടൊപ്പം നിലവിൽ വരുന്നതോടെ നിരക്ക് വർധനയുണ്ടാകും.
വ്യവസ്ഥകൾ സംബന്ധിച്ച അവ്യക്തതകൾ ഒഴിവാക്കുന്നതിനായി പരിധിയിൽവരാത്ത രോഗ വിവരങ്ങൾ വ്യക്തമാക്കണമെന്നും പോളിസി എടുക്കുന്നതിന് 48 മാസം മുമ്പുവരെയുള്ള രോഗങ്ങളാകും പ്രി എക്സിസ്റ്റിങ് വിഭാഗത്തിൽ ഉൾപ്പെടുക എന്നും ഐആർഡിഐ അറിയിച്ചിട്ടുണ്ട്.
പോളിസി എടുത്ത് മൂന്നുമാസങ്ങൾക്കുള്ളിൽ വരുന്ന രോഗങ്ങളും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തുക. മാനസിക രോഗങ്ങൾക്കുള്ള ചികിത്സ ഇനിമുതൽ പോളിസികളുടെ ഭാഗമാകുമെന്നത് നേട്ടമാണ്. കൂടാതെ കോവിഡ് കാലത്ത് സഹായകമാകുന്ന ടെലി മെഡിസിൻ മുഖേനയുള്ള ചികിത്സയും പോളിസികളിൽ ഉൾപ്പെടും.
Discussion about this post