കൊല്ലം: വീടുകളിലുള്ളവര്‍ കോവിഡ് ബാധിതരാകുന്നതും ക്വാറന്റൈനില്‍ പ്രവേശിക്കുന്നതുമായ സാഹചര്യങ്ങളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പാര്‍ക്കാന്‍ സുരക്ഷിത കേന്ദ്രം തുടങ്ങി. അസീസിയ മെഡിക്കല്‍ കോളജിനോടനുബന്ധിച്ചാണ് 65 വയസിന് മുകളിലുള്ളവര്‍ക്കും 10 വയസില്‍ താഴെയുള്ളവര്‍ക്കുമായി പൊതുകേന്ദ്രം ആരംഭിച്ചത്.
കോവിഡ് രോഗബാധയുണ്ടാകാതെ സുരക്ഷിതരായി വീട്ടില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് ഇവിടെ കഴിയാം. ആദ്യമായി രണ്ട് കുട്ടികളെ വെള്ളിയാഴ്ച ഇവിടെ പ്രവേശിപ്പിച്ചു. സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ സഹകരണത്തോടെ സ്റ്റാഫുകളെ നിയമിച്ചിട്ടുണ്ട്. ഭക്ഷണം ഉള്‍പ്പടെ എല്ലാ ക്രമീകരണങ്ങളും ഒരുക്കി. കുട്ടികളുടെയും മുതിര്‍ന്നവരെയും മാറ്റേണ്ട സാഹചര്യങ്ങളില്‍ ഈ സ്ഥാപനത്തിന്റെ സേവനം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.
Discussion about this post