കൊച്ചി: മന്ത്രി കെ.ടി.ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. 8 മണിക്കൂറാണ് മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം എന്‍ഐഎ ഓഫീസില്‍ നിന്ന് ജലീല്‍ മടങ്ങി.
സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാവിലെ 6 മണിയോടെയാണ് ജലീല്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ സ്വകാര്യ വാഹനത്തില്‍ എത്തിയത്. ആലുവ മുന്‍ എംഎല്‍എ എഎം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി പുറത്തിറങ്ങിയ മന്ത്രി അതേ വാഹനത്തില്‍ മടങ്ങി. തിരുവനന്തപുരത്തേക്കാണ് മന്ത്രി പോയതെന്നാണ് സൂചന.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായത് പോലെ തന്നെ വളരെ രഹസ്യമായിട്ടായിരുന്നു എന്‍ഐഎയ്ക്ക് മുന്നിലും മന്ത്രി എത്താന്‍ ശ്രമിച്ചത്. എന്നാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം അറിഞ്ഞതോടെ രഹസ്യനീക്കം പാളി. ചോദ്യം ചെയ്യല്‍ ഓണ്‍ലൈനിലാക്കാമോ എന്നും രാത്രിയാക്കാമോയെന്നും മന്ത്രി ചോദിച്ചെങ്കിലും എന്‍ഐഎ അതിന് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന് വാര്‍ത്ത പുറത്തുവന്നതോടെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമായി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം പലയിടത്തും അക്രമത്തില്‍ കലാശിച്ചു.
Discussion about this post