കോട്ടയം: കേരള നിയമസഭാംഗമായി ഇന്നേക്ക് അരനൂറ്റാണ്ട് തികച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ച് 50 വര്‍ഷക്കാലം തുടര്‍ച്ചയായി നിയമസഭയിലെത്തിയ ആദ്യ കോണ്‍ഗ്രസുകാരന്‍.
പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായ 11 തെരഞ്ഞെടുപ്പുകളാണ് ഉമ്മന്‍ചാണ്ടി ജയിച്ചുകയറിയത്. 76 വയസിനിടെ അമ്പതുവര്‍ഷവും ജനപ്രതിനിധി ആയിരുന്നു അദ്ദേഹം.
1970ലാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് ജയിച്ച് കേരള നിയസഭയില്‍ ആദ്യമായി എത്തിയത്. 7288 വോട്ടുകള്‍ക്ക് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഇ.എം.ജോര്‍ജിനെ തോല്‍പ്പിച്ചായിരുന്നു തുടക്കം. അന്ന് തൊട്ടു പുതുപ്പള്ളിക്കാര്‍ക്ക് ഒരേയൊരു എംഎല്‍എയെ ഉണ്ടായിട്ടുള്ളൂ. ഉമ്മന്‍ചാണ്ടി.
1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായിട്ടാണ് ഉമ്മന്‍ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശേരി എസ്ബി കോളേജ് എന്നിവിടങ്ങളില്‍ പഠനം നടത്തി ബിഎ ബിരുദം നേടി. എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി.
കെഎസ്‌യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയുമാണ് ഉമ്മന്‍ചാണ്ടി സംസ്ഥാന കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് എത്തുന്നത്. മൂന്ന് വട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴില്‍ തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു.
Discussion about this post