ആലപ്പുഴ: ആറാട്ടുപുഴയില്‍ ജീവനൊടുക്കിയ അര്‍ച്ചന എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. കാമുകന്റെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് കത്ത്. കാമുകന്‍ ഇല്ലാതാക്കിയത് തന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമായിരുന്നെന്നും അര്‍ച്ചന കത്തില്‍ പറയുന്നു.
‘എല്ലാവരും എന്നോട് ക്ഷമിക്കണം, എനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ പറ്റിയില്ല’ എന്ന വരികളോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ‘എല്ലാവരും അണ്ണനെ മറക്കാന്‍ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ, അണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണന്‍ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു’- കത്തില്‍ പറയുന്നു. സഹോദരിയോട് നന്നായി പഠിക്കണമെന്നും ജോലി വാങ്ങി അച്ഛനെയും അമ്മയെയും നോക്കണമെന്നും അര്‍ച്ചന പറയുന്നു.
വര്‍ഷങ്ങളായി അര്‍ച്ചനയും കണ്ടല്ലൂര്‍ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. അര്‍ച്ചനയെ വിവാഹം ചെയ്ത് നല്‍കണമെന്ന് യുവാവ് അര്‍ച്ചനയുടെ വീട്ടുകാരോടും ആവശ്യപ്പെട്ടിരുന്നു. മകളുടെ പഠനം പൂര്‍ത്തിയാക്കതിന് ശേഷം വിവാഹം നടത്തിതരാമെന്നായിരുന്നു വീട്ടുകാരുടെ മറുപടി. എന്നാല്‍ വിവാഹത്തോട് അടുത്തപ്പോള്‍ യുവാവ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു. ഇത് നല്‍കാനാകില്ലെന്ന് പറഞ്ഞതോടെ അര്‍ച്ചനയുമായുള്ള വിവാഹത്തില്‍നിന്ന് പിന്മാറിയ യുവാവ് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞാണ് അര്‍ച്ചന ശനിയാഴ്ച ആത്മഹത്യ ചെയ്തത്.
Discussion about this post