ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് വയസുകാരനെ കടലില്‍ കാണാതായി. അമ്മയുടെ അടുത്ത് നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെയായിരുന്നു സംഭവം. പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന്റെയും അനിതയുടെയും മകന്‍ ആദികൃഷ്ണയെയാണ് കാണാതായത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തൃശ്ശൂരില്‍ ഒരു കല്യാണം കൂടിയ ശേഷം ബന്ധുവായ ബിനുവിന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയതായിരുന്നു അനിതയും കുട്ടികളും. അനിതയും രണ്ടു മക്കളും സഹോദരന്റെ മകനും ബിനുവിനോടൊപ്പം കടല്‍ കാണാന്‍ ഇറങ്ങി. കുട്ടികളും അനിതയും സെല്‍ഫിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. വാഹനം റോഡില്‍ നിന്ന് മാറ്റിയിടാന്‍പോയ ബിനു തിരികെവരുമ്പോള്‍ കണ്ടത് അനിതയും കുട്ടികളും കൂറ്റന്‍ തിരയിലകപ്പെട്ട കാഴ്ചയാണ്.ഉടന്‍ ബിനു അനിതയെയും ആദികൃഷ്ണയുടെ സഹോദരനെയും അനിതയുടെ സഹോദരന്റെ മകനെയും രക്ഷിച്ചു. ആദികൃഷ്ണ കൈവിട്ടുപോകുകയായിരുന്നു.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ പോലീസ് ആരെയും ബീച്ചിലേക്ക് കടത്തിവിട്ടിരുന്നില്ല. അതിനാല്‍ ഇഎസ്‌ഐ ആശുപത്രിയുടെ പടിഞ്ഞാറുഭാഗത്ത് കൂടിയാണ് ഇവര്‍ ബീച്ചിലെത്തിയത്. പോലീസും അഗ്‌നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും എത്തിയെങ്കിലും കടലില്‍ ഇറങ്ങാന്‍വയ്യാത്ത സാഹചര്യമായതിനാല്‍ കുട്ടിക്കായുള്ള തിരച്ചില്‍ തുടങ്ങാനായിട്ടില്ല. ഇവരുടെ ഫോണ്‍, കാറിന്റെ താക്കോല്‍ എന്നിവയും കടലില്‍ നഷ്ടപ്പെട്ടു.
Discussion about this post