തൃശ്ശൂര്‍: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ഇപി ജയരാജന്റെ മകനെതിരെ ആരോപണവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്ത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയില്‍ കവിഞ്ഞുള്ള കമ്മീഷന്‍ ജയരാജന്റെ മകന്‍ കൈപറ്റിയെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. സ്വപ്‌ന സുരേഷുമായി ജയരാജന്റെ മകന് ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
മന്ത്രി പുത്രന്‍ ലൈഫ് മിഷന്‍ ഇടപാടില്‍ കമ്മീഷന്‍ വാങ്ങിയോ എന്നും ഇ.പി.ജയരാജന്റെ മകന്റെ ബന്ധമെന്താണെന്നതും സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
അന്വേഷണം വമ്പന്‍ സ്രാവുകളിലേക്കു നീങ്ങുന്നു എന്നതിനാലാണ് ഇതുവരെ അന്വേഷണത്തെ പിന്തുണച്ച സിപിഐഎം നിലപാട് മാറ്റുന്നതെന്ന് കെ സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു. തിരുവനന്തപുരം സ്വര്‍ണക്കടത്തും ബെംഗളൂരു മയക്കു മരുന്നു കേസും പരസ്പരം ബന്ധപ്പെട്ടത് എന്നാണ് ബിജെപി നിലപാട്. സ്വപ്ന ആശുപത്രിയില്‍ ഉള്ളപ്പോള്‍ നഴ്സുമാരുടെ ഫോണിലൂടെ പലരെയും ബന്ധപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ സഹായത്തോടെയാണ് മെഡിക്കല്‍ കോളേജില്‍ ഈ സൗകര്യം ലഭിച്ചതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.
Discussion about this post