കൊല്ലം: ആംബുലന്‍സുകളുടെ അകത്ത് കാഴ്ച്ച മറയ്ക്കുന്ന തരത്തിലുള്ള കര്‍ട്ടനുകള്‍, സ്റ്റിക്കറുകള്‍ എന്നിവ മോട്ടോര്‍ വാഹന നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണെന്നും അത്തരത്തിലുള്ള സ്റ്റിക്കറുകളും കര്‍ട്ടനുകളും അടിയന്തരമായി നീക്കം ചെയ്യണമെന്നും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ആര്‍ രാജീവ് അറിയിച്ചു.
അതേസമയം കൊല്ലം ജില്ലയില്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് നല്‍കുന്ന സാക്ഷ്യപത്രം നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിറക്കി. ജില്ലയില്‍ സര്‍വീസ് നടത്തുന്ന എല്ലാ ആംബുലന്‍സുകളുടെയും ഡ്രൈവര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് സെപ്തംബര്‍ 14 നകം ആംബുലന്‍സ് ഉടമകള്‍ ഉറപ്പുവരുത്തി ആംബുലന്‍സില്‍ നിയോഗിച്ചിരിക്കുന്ന ഡ്രൈവറുടെ പേര്, മേല്‍വിലാസം, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍, പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സെപ്തംബര്‍ 15 നകം ആംബുലന്‍സ് ഉടമയുടെ പരിധിയിലുള്ള ആര്‍ ടി ഓഫീസ്/സബ് ആര്‍ ടി ഓഫീസില്‍ സമര്‍പ്പിക്കണം.
സെപ്തംബര്‍ 14 നകം എല്ലാ ആംബുലന്‍സുകളും അതിലെ ഡ്രൈവര്‍മാരും കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപ്രൂവല്‍ വാങ്ങണം. കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ രജിസ്ട്രേഷനുമായുള്ള സംശയങ്ങള്‍ക്ക് 7025342533 നമ്പരില്‍ ബന്ധപ്പെടാം.
Discussion about this post