കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത കാര്യം മന്ത്രി കെ.ടി.ജലീല്‍ ഇതുവരെ സമ്മതിച്ചിട്ടില്ല. എന്നാല്‍ ചോദ്യം ചെയ്യലിനായി മന്ത്രി സ്വകാര്യ വാഹനത്തില്‍ എത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ചോദ്യം ചെയ്യലിന് ശേഷം മന്ത്രിയെ തിരികെക്കൊണ്ടുപോകാനായി വാഹനം വരുന്നതും പോകുന്നതുമായ ദൃശ്യങ്ങളാണ് സിസിടിവി ഫുട്ടേജിലുള്ളത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന എറണാകുളത്തെ എംജി റോഡിന് സമീപത്തുള്ള മുല്ലശ്ശേരി കനാല്‍ റോഡിലുള്ള ഒരു തുണിക്കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 1.46ന് പകര്‍ത്തിയ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാവിലെ 10 മണിയോടെയാണ് ജലീല്‍ ചോദ്യം ചെയ്യലിനായി എത്തിയതെന്നാണ് വിവരം.
ആലപ്പുഴ ഭാഗത്തു നിന്നാണ് ജലീല്‍ എത്തിയത്. അരൂരിലുള്ള സുഹൃത്ത് അനസിന്റെ വീട്ടില്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനം നിര്‍ത്തിയിട്ട ശേഷം അവിടെനിന്ന് അനസിന്റെ വെള്ള നിറത്തിലുള്ള ഇന്നോവ കാറിലാണ് മന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്കെത്തിയത്. ഇന്നലെ വൈകുന്നേരം വരെയും മാധ്യമങ്ങളോട് തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്.
അതേസമയം കെ.ടി.ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മന്ത്രിക്ക് ഉടന്‍ നോട്ടീസ് നല്‍കിയേക്കും. വിദേശത്ത് നിന്നും മതഗ്രന്ഥം കൊണ്ടുവന്ന സംഭവത്തിലാണ് കെ.ടി.ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുക.
Discussion about this post