പുത്തൻ ആശയങ്ങളുമായി കേരളം മുന്നിൽ തന്നെയുണ്ട്.
സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ ദേശീയ തലത്തിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളം .
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ സ്റ്റാർട്ട് അപ്പ് റാങ്കിങ് 2019ൽ കേരളത്തെ ടോപ് പെർഫോർമറായി തെരഞ്ഞെടുത്തു. സ്റ്റാർട്ട് അപ്പ് സൗഹൃദ അന്തരീക്ഷം ഒരുക്കിയത് ഉൾപ്പെടെയുള്ള നേട്ടങ്ങൾ വിലയിരുത്തിയാണ് ടോപ് പെർഫോമർ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏഴ് മേഖലകളിൽ ആറിലും കേരളം മുൻപന്തിയിലുണ്ട്. സ്റ്റാർട്ടപ്പ് സംരംഭകർക്കുള്ള സാമ്പത്തിക സഹായം, സബ്‌സിഡി, സീഡ് ഫണ്ടിങ്, പ്രീ ഇൻക്യൂബേഷൻ പിന്തുണ, വെഞ്ച്വർ ഫണ്ടിങ്, വനിതാ സ്റ്റാർട്ട് അപ് സംരംഭകർക്കുള്ള പിന്തുണ, വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണം, ഹാക്കത്തോൺ സംഘാടനം, എന്നിവ മാതൃകാപരമാണെന്ന് കേന്ദ്രം വിലയിരുത്തുന്നുണ്ട്.
സ്റ്റാർട് അപ്പ് മേഖലയിൽ കേരളത്തിലുണ്ടായ വളർച്ചയുടെ സൂചകമാണ് ദേശീയ റാങ്കിംഗ്. സ്റ്റാർട്ട് അപ്പുകളുടെ എണ്ണം നാലു വർഷത്തിനകം 300 ൽ നിന്നും 2200 ആയി കുതിച്ചുയർന്നു. സ്റ്റാർട്ട് അപ്പുകൾക്കായി ഈ സർക്കാർ കോർപ്പസ് ഫണ്ട് ആരംഭിച്ചു.
ഇതുവരെ 739 കോടി രൂപ മാറ്റി വെച്ചു. സ്റ്റാർട്ട്അപ്പുകൾ വഴി സംസ്ഥാനത്തു കഴിഞ്ഞ നാല് കൊല്ലം മാത്രം 1200 കോടി രൂപയുടെ നിക്ഷേപം എത്തി.
130 സ്റ്റാർട്ട് അപ്പുകൾ അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു. സ്റ്റാർട്ട് അപ്പുകളുടെ പ്രവർത്തനത്തിനായി 4.5 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഒരുക്കിയത്.
ഇൻകുബേറ്റുകളും ഇന്നവേഷൻ സോണുകളും സജ്ജമാക്കി സ്റ്റാർട്ട് അപ്പ് സംരംഭകരെ പ്രോത് സാഹിപ്പിച്ചു. സൂപ്പർ ഫാബ് ലാബും മിനി ഫാബ് ലാബും സ്ഥാപിച്ചതും ഈ നേട്ടത്തിലേക്ക് കേരളത്തെ എത്തിച്ചു.
Discussion about this post