തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭൂരിപക്ഷ കക്ഷികളും ഇക്കാര്യം ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് അനന്തമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കാം. ചട്ടപ്രകാരം ആറു മാസം വരെ ഭരണത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാവുന്നതാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രില്‍ അവസാനത്തോടെ നടക്കുമെന്നിരിക്കെ മാര്‍ച്ച് പത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് മൂന്ന് മാസം പോലും കാലാവധി തികയ്ക്കാനാകില്ല. ഇതിന് പുറമെ കോവിഡ് വ്യാപന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് വെക്കാന്‍ ആവശ്യപ്പെടുന്നത്. ചവറയില്‍ ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം വോട്ടര്‍മാരും കുട്ടനാട്ടില്‍ ഒരു ലക്ഷത്തി അറുപത്തിഒന്നായിരം വോട്ടര്‍മാരുമുണ്ട്. ഇത്രയും പേര്‍ ഉള്‍പ്പെടുന്ന പോളിംഗ് പ്രക്രിയയില്‍ സാമൂഹിക അകലം പാലിക്കുക എളുപ്പമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
Discussion about this post