തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് തന്നെ നല്‍കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ജോസ് കെ മാണി വിഭാഗവുമായി കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് യുഡിഎഫ് യോഗത്തിന്റെ പൊതുനയം. ജനദ്രോഹ സര്‍ക്കാരിനെതിരെ നിലപാട് എടുക്കാനുള്ള അവസരം ജോസ് പക്ഷം ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ജോസ് വിഭാഗത്തെ ഇന്നത്തെ യോഗത്തിലേക്ക് വിളിച്ചില്ലെന്ന് യോഗത്തിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. കെ എം മാണി യുഡിഎഫിന്റെ മഹാനായ നേതാവാണ്. എന്നും യുഡിഎഫിനൊപ്പം നില്‍ക്കാനും കെഎം മാണി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജോസ് കെ മാണി വിശ്വാസ വഞ്ചന കാണിച്ചു. മാണിയുടെ ആത്മാവ് ജോസ് കെ മാണിയോട് പൊറുക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് പുറത്താക്കിയത് അല്ല അവര്‍ സ്വയം പുറത്തു പോയതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും യുഡിഎഫ് യോഗത്തില്‍ ധാരണയായി. വോട്ട് വാങ്ങി എം പി യും എം എല്‍ എ യുമായ ജോസ് വിഭാഗം യു ഡി എഫിനൊപ്പം നില്‍ക്കണമായിരുന്നു. അതിന് പകരം മുന്നണിയെ വഞ്ചിക്കുകയാണ് ജോസ് കെ മാണി ചെയ്തതെന്നും മുന്നണി യോഗത്തില്‍ വിലയിരുത്തി. കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം തന്നെ സ്ഥാനാര്‍ത്ഥിയെന്ന് പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയോടുള്ള നിലപാട് പുനഃപരിശോധിക്കില്ലെന്ന് യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ പിജെ ജോസഫ് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ തവണ കുട്ടനാട്ടില്‍ മത്സരിച്ച ജേക്കബ് എബ്രഹാം തന്നെ മത്സരിക്കാന്‍ ധാരണയായെന്നാണ് പിജെ ജോസഫ് വ്യക്തമാക്കുന്നത്. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടക്കമുള്ളവര്‍ മുന്നോട്ട് വച്ചെങ്കിലും പിജെ ജോസഫിനെ പിണക്കേണ്ടതില്ലെന്ന പൊതു വികാരത്തിനൊപ്പം മുന്നണിയോഗം നില്‍ക്കുകയായിരുന്നു എന്നാണ് മനസിലാക്കുന്നത്. ചവറയില്‍ ഷിബു ബേബി ജോണ്‍ തന്നെ സ്ഥാനാര്‍ത്ഥി. രണ്ടിടത്തും യുഡിഎഫിന് അനുകൂലമാണ് നിലവിലെ സ്ഥിതിയെന്നും പ്രതിപക്ഷ നേതാവ് യുഡിഎഫ് യോഗത്തിന് ശേഷം അറിയിച്ചു.
വെര്‍ച്വല്‍ യുഡിഎഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിജെ ജോസഫ് അടക്കമുള്ള നേതാക്കള്‍ നേരിട്ട് കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് യോഗത്തില്‍ പങ്കെടുത്തത്.
Discussion about this post