കൊല്ലം: പട്ടയമേളയുടെ ഭാഗമായി കൊല്ലം ജില്ലയില്‍ 1011 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കും. ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് 12 ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
കൊല്ലം താലൂക്കിലെ പട്ടയ വിതരണം ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും പുനലൂരില്‍ വനം വകുപ്പ് മന്ത്രി കെ.രാജുവും നിര്‍വഹിക്കും. കൊട്ടാരക്കര, കരുനാഗപ്പള്ളി, കുന്നത്തൂര്‍, പത്തനാപുരം താലൂക്കുകളില്‍ യഥാക്രമം എംഎല്‍എ മാരായ മുല്ലക്കര രത്‌നാകരന്‍, ആര്‍ രാമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, കെ ബി ഗണേഷ്‌കുമാര്‍ എന്നിവരും പട്ടയ വിതരണം നിര്‍വഹിക്കും.
എം പി മാരായ എ എം ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, എം എല്‍ എ മാരായ പി അയിഷാ പോറ്റി, ജി എസ് ജയലാല്‍, എം നൗഷാദ്, എം മുകേഷ്, മേയര്‍ ഹണി ബഞ്ചമിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാരായ ബി ശ്യാമളയമ്മ(കൊട്ടാരക്കര), ഇ സീനത്ത് ബഷീര്‍(കരുനാഗപ്പള്ളി), കെ അബ്ദുല്‍ ലത്തീഫ്(പുനലൂര്‍), കെ പി കുറുപ്പ്(പരവൂര്‍), ലാന്റ് റവന്യൂ കമ്മീഷണര്‍ സി എ ലത, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊട്ടാരക്കര താലൂക്കില്‍ മാത്രം 746 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമ്പോള്‍ ഇളമാട് വില്ലേജിലെ വേങ്ങൂര്‍ നിവാസികളുടെ 40 വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകും. ലാന്‍ഡ് അസൈന്‍മെന്റ്(എല്‍ എ), ലാന്‍ഡ് ട്രിബ്യുണല്‍(എല്‍ ടി), കൈവശരേഖ, മിച്ചഭൂമി, മിച്ചഭൂമി സാധൂകരണം, ദേവസ്വം പട്ടയം എന്നിങ്ങനെ വിഭാഗങ്ങളിലായാണ് പട്ടയവിതരണം. ലാന്‍ഡ് അസൈന്‍മെന്റിലാണ് ഏറ്റവുമധികം പട്ടയങ്ങളുള്ളത്.
Discussion about this post