പത്തനംതിട്ട: കോവിഡ് ബാധിതയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലാണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് പീഡനം നടന്നത്.പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ഒരു ബന്ധുവീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. സ്രവ പരിശോധനയില്‍ പെണ്‍കുട്ടിയും കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതോടെ അടൂരിലുള്ള ബന്ധുവീട്ടില്‍ നിന്നും പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കയറ്റി പന്തളത്തേക്ക് മാറ്റുകയായിരുന്നു. ആംബുലന്‍സില്‍ പെണ്‍കുട്ടിക്കൊപ്പം കോവിഡ് ബാധിതയായ 40 വയസുകാരിയായ സ്ത്രീ കൂടിയുണ്ടായിരുന്നു. ഇവരെ കോഴഞ്ചേരിയിലെ ജനറല്‍ ആശുപത്രിയില്‍ ഇറക്കിയ ശേഷമാണ് പെണ്‍കുട്ടിയെ പന്തളത്തിലെത്തിച്ചത്. ഈ സമയത്ത് പെണ്‍കുട്ടി ആംബുലന്‍സില്‍ തനിച്ചായിരുന്നു. യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി പോലീസില്‍ വിവരമറിയിച്ചു.
അതേസമയം നൗഫല്‍ ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞു. 2018 ല്‍ ഇയാള്‍ക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നുവെന്നും ഇതിന് ശേഷമാണ് ഇയാള്‍ 108 ആംബുലന്‍സില്‍ ഡ്രൈവറായതെന്നും എസ് പി പറഞ്ഞു.
പ്രതിയുടെ സംസാരം പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം ആരോടുംപറയരുതെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ എല്ലാ തെളിവുകളും ശേഖരിച്ചു കഴിഞ്ഞുവെന്നും കോവിഡ് പരിശോധനക്ക് ശേഷം മറ്റ് കാര്യങ്ങളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു. പിടിയിലായ നൗഫലിനെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
Discussion about this post