പബ്ജി ആരാധകർക്ക് ആശ്വസിക്കാം. അണിയറയിൽ പകരക്കാരൻ ഒരുങ്ങുന്നുണ്ട്. ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിലാണ് മൾട്ടി പ്ലേയർ ആക്ഷൻ ഗെയിം തയ്യാറാക്കുന്നത്.
ഒക്ടോബറിൽ എത്തുന്ന ഗെയിം ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഒരുക്കുന്നത്. പൂർണമായും ഇന്ത്യയിൽ രൂപം നൽകിയ ഗെയിമിൻ്റെ പേര് ഫൗ-ജി (ഫിയർലെസ് ആൻഡ് യുണൈറ്റഡ്-ഗാർഡ്സ്) എന്നാണ്.
ഗെയിമിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം തുക ‘ഭാരത് കെ വീർ’ ട്രസ്റ്റിലേക്കാണ് നൽകുന്നത്. രാജ്യത്തിനായി വീരമൃത്യു വരിച്ച ധീര ജവാൻമാരുടെ കുടുംബത്തിനു സഹായം നൽകുന്ന ട്രസ്റ്റ് ആണിത്.
“ഇന്ത്യയിലെ യുവത്വത്തിന്, വിനോദോപാധികൾക്ക് ഗെയിമിങ് അത്യാവശ്യമാണ്. ഫൗ-ജി കളിക്കുന്നതിലൂടെ നമ്മുടെ ജവാന്മാരുടെ ത്യാഗത്തെപ്പറ്റി അവർ മനസ്സിലാക്കുമെന്ന് കരുതുന്നു. ഒപ്പം, വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനും അവർക്ക് കഴിയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ പദ്ധതിയെ പിന്തുണക്കാനും ഇത് സഹായിക്കും”- അക്ഷയ് കുമാർ ട്വീറ്റിലൂടെ പറഞ്ഞു.
ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും ഇന്ത്യൻ സൈനികർ നേരിട്ട സംഭവങ്ങൾ ഗെയിമിലുണ്ടാവും. ഗാൽവൻ താഴ്വരയുമായി ബന്ധപ്പെട്ടതാവും ആദ്യത്തെ ലെവൽ. ഗൂഗിൾ പ്ലേസ്റ്റോറിലൂടെയും ആപ്പിൾ ആപ്പ് സ്റ്റോറിലൂടെയും ഗെയിം ഡൗൺലോഡ് ചെയ്യാനാകും.
Discussion about this post