തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ പ്രതിദിനം 1000 പേര്‍ക്ക് ദര്‍ശനം നടത്താം. ഓണ്‍ലൈന്‍ ബുക്കിങ്ങ് സ്വീകരിച്ച് വിര്‍ച്വല്‍ ക്യൂ വഴിയാണ് ദര്‍ശനത്തിന് സൗകര്യം. 60 വിവാഹങ്ങള്‍ നടത്തുന്നതിനുള്ള ബുക്കിങ് ആരംഭിച്ചു.
വാഹനപൂജയ്ക്കും തുടക്കമായി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുന്‍കൂര്‍ ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തു വരുന്നവര്‍ക്ക് അനുവദിച്ച സമയക്രമം പ്രകാരമാണ് ദര്‍ശനം അനുവദിക്കുക. നാലമ്പലത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. വലിയ ബലിക്കല്ലിനു സമീപം നിന്ന് ദര്‍ശനം നടത്തി ചുറ്റമ്പലം വഴി പ്രദക്ഷിണം വെച്ച് ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള വാതില്‍ വഴി പോകണം. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരില്‍ കൂടുതല്‍ ഭക്തര്‍ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം.
പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം സെപ്റ്റംബര്‍ 14ന് രാവിലെ 8.30 മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ വെച്ചും നറുക്കെടുപ്പ് സെപ്റ്റംബര്‍ 15ന് ഉച്ചപൂജക്കുശേഷം നാലമ്പലത്തിനകത്തു വെച്ചും നടത്തും. കൂടാതെ കാലാവധി പൂര്‍ത്തിയായ കോയ്മ, ക്ഷേത്രം സെക്യൂരിറ്റി ഓഫീസര്‍മാര്‍, വനിതാ സെക്യൂരിറ്റിക്കാര്‍ എന്നിവരുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടാനും യോഗം തീരുമാനിച്ചു. ഈ തസ്തികകളിലേക്കും സോപാനം കാവലിലേക്കും അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 14, 15 തീയതികളില്‍ ശ്രീപത്മം ബില്‍ഡിങ്ങില്‍ വെച്ച് അഭിമുഖം നടത്തും.
Discussion about this post