ന്യൂഡല്‍ഹി: അണ്‍ലോക്ക് 4 ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 30 വരെയുള്ള ചട്ടങ്ങളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. അണ്‍ലോക്ക് 4ല്‍ ഏതൊക്കെ മേഖലകള്‍ക്കാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളതെന്ന് നോക്കാം.
അണ്‍ലോക്ക് 4 പ്രകാരം സെപ്തംബര്‍ 21 മുതല്‍ സാമൂഹിക, അക്കാദമിക, കായിക, വിനോദ, സംസ്‌കാര, മതപരമായ ചടങ്ങുകള്‍ നടത്താന്‍ കഴിയും. പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. വിവാഹചടങ്ങില്‍ പരമാവധി 50 പേര്‍, സംസ്‌കാരചടങ്ങില്‍ പരമാവധി 20 പേര്‍ എന്ന രീതി 20 വരെ തുടരും.അതിന് ശേഷം ഇരുചടങ്ങുകള്‍ക്കും പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം. മാസ്‌ക് ധരിച്ചും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചും വേണം യോഗങ്ങള്‍ നടത്താന്‍. അതേസമയം കണ്ടെയിന്‍മെന്റ് സോണുകളില്‍ സെപ്തംബര്‍ 30 വരെ യാതൊരു ഇളവുകളും നല്‍കില്ല.
ഓപ്പണ്‍ എയര്‍ തീയറ്ററുകള്‍ സെപ്തംബര്‍ 21 മുതല്‍ തുറക്കാം. സെപ്തംബര്‍ 7 മുതല്‍ ഘട്ടം ഘട്ടമായി മെട്രോ സര്‍വീസുകല്‍ പുനരാരംഭിക്കും.
സെപ്തംബര്‍ 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. എന്നാല്‍ 9 മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ സ്‌കൂളില്‍ വരാം.കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ഇളവ്. രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയോടെയാവണം സ്‌കൂളില്‍ വരേണ്ടത്. ഒരേ സമയം 50 ശതമാനം അധ്യാപക, അനധ്യാപക ജീവനക്കാരെ സ്‌കൂളില്‍ അനുവദിക്കാം. സ്‌കൂളില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസും ടെലി കൗണ്‍സിലിംഗും നടത്താം.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിഎച്ച്ഡി ഗവേഷകര്‍ക്കും സാങ്കേതിക, പ്രൊഫഷണല്‍ പിജി കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്കും ലബോറട്ടറി ഉപയോഗിക്കുന്നതിനും പരീക്ഷണ പഠനങ്ങള്‍ നടത്തുന്നതിനും സ്ഥാപനത്തിലെത്താന്‍ അനുമതി നല്‍കേണ്ട ചുമതല ഉന്നതവിദ്യാഭ്യാസ വകുപ്പിനാണ്.
സിനിമ തീയറ്റര്‍,വിനോദ പാര്‍ക്കുകള്‍, സ്വിമ്മിംഗ് പൂള്‍ എന്നിവ തുറക്കാന്‍ അനുവാദമില്ല. ആഭ്യന്തര മന്ത്രാലയം അനുവദിക്കുന്നതൊഴിച്ചുള്ള അന്താരാഷ്ട്ര വിമാന സര്‍വീസിനുള്ള വിലക്ക് തുടരും.
Discussion about this post