കേരളത്തിന് പുതിയ അതിജീവന പാത യോരുക്ക്
‘ അതിജീവനം കേരളീയം ‘ പദ്ധതി ഒരുങ്ങുന്നു. ലോക്കൽ എംപ്ലോയ്‌മെന്റ് അഷ്വറൻസ് പ്രോഗ്രാമിന്റെ (LEAP) ഭാഗമായി കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. 50,000 പേർക്ക് ഈ വർഷം തൊഴിൽ നൽകുക എന്നതാണ് ലക്ഷ്യം.
റീബിൽഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാൻ ഫണ്ടിനത്തിലായി 20.50 കോടി രൂപയുമാണ് പദ്ധതിക്കായി ചിലവാക്കുക.
അഞ്ച് ഉപഘടകങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്.
1.യുവ കേരളം പദ്ധതി (60 കോടി)
10,000 യുവതീ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഇതിനായി റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 60 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
2.കണക്ട് ടു വർക്ക് (5 കോടി)
തൊഴിൽ വൈദഗ്ധ്യവും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നേടിയിട്ടും അഭിമുഖങ്ങളെ മികച്ച രീതിയിൽ നേരിടുന്നതിനു കഴിയാത്തതിനാൽ തൊഴിൽ ലഭിക്കാതെ പോകുന്ന യുവതി യുവാക്കളുടെ മൃദുനൈപുണികൾ (Soft Skills) വികസിപ്പിക്കുക, അവർക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന പരിപാടിയാണ് ‘കണക്ട് ടു വർക്ക്.’ 5,000ത്തോളം യുവതീ യുവാക്കൾക്ക് ഇത്തരത്തിൽ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കും.
3.കേരള സംരംഭകത്വ വികസന പദ്ധതി(70 കോടി)
തിരഞ്ഞെടുത്ത ഓരോ ബ്ലോക്ക് പ്രദേശത്തും പരമാവധി സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പ്രളയബാധിതമായ 14 ബ്ലോക്കുകളിൽ കാർഷിക – കാർഷികേതര മേഖലകളിൽ 16,800 (14×1200) പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നു. ഏകദേശം 20,000 ത്തോളം ആളുകൾ ഈ പദ്ധതിയിൽ ഉൾപ്പെടും. 70 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്.
4.ARISE(10 കോടി)
2020 -21 സാമ്പത്തിക വർഷം 10,000 യുവതീ യുവാക്കൾക്ക് എറൈസ് പദ്ധതിയിലുൾപ്പെടുത്തി തൊഴിൽ ലഭ്യമാക്കും. തൊഴിൽ വിപണിയിൽ വളരെയധികം ആവശ്യമുള്ള പത്തുമേഖലകളിൽ യുവതീ യുവാക്കൾക്കും, കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകി വേഗത്തിൽ വേതന തൊഴിൽ (Wage employment) ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്ത് പ്രളയക്കെടുതികൾ മൂലം ഉപജീവന മാർഗങ്ങൾ നഷ്ടപ്പെട്ടവർക്കായി 2018 – 19 വർഷത്തിലാണ് ‘എറൈസ്’ (ARISE) പ്രോഗ്രാം ആരംഭിച്ചത്. ഈ പദ്ധതി ഇനി മുതൽ അതിജീവനം കേരളീയം പദ്ധതിയുടെ ഉപഘടകമായിരിയ്ക്കും. 10 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
5.കുടുംബശ്രീ സൂക്ഷ്മ സംരംഭക വികസന പദ്ധതി (20.50 കോടി)
ഈ പദ്ധതി പ്രകാരം 3,000 വ്യക്തിഗത സംരംഭങ്ങളും 2,000 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിക്കും. കുടുംബശ്രീ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഈ പദ്ധതി പ്രകാരം സംരംഭങ്ങൾ ആരംഭിക്കാൻ പിന്തുണ ലഭ്യമാക്കും. ഏകദേശം 10,000 പേർക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും
Discussion about this post