കൂടുതൽ പാവപ്പെട്ടവരിലേക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികൾ വ്യാപിപ്പിക്കുന്നതിനായി ജൻധൻ അക്കൗണ്ടിലേക്ക് കൂടുതൽ ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തുന്നു.
പിഎം ജീവൻ ജ്യോതി യോജനയും പിഎം സുരക്ഷാ ഭീമാ യോജനയും ഇനി മുതൽ ജൻധൻ അക്കൗണ്ട് ഉടമകൾക്കുകൂടി ലഭ്യമാകുന്ന രീതിയിലാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്.
18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് ചേരാൻ കഴിയുന്ന പദ്ധതിയാണ് പിഎം ജീവൻ ജ്യോതി യോജന. വർഷം 330 രൂപ പ്രീമിയം അടച്ചാൽ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷ ലഭ്യമാകും. ചുരുക്കത്തിൽ അക്കൗണ്ട് ഉടമ മരിച്ചാൽ രണ്ടുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും.
പിഎം സുരക്ഷാ ഭീമാ യോജന പ്രകാരം 12 രൂപ വാർഷിക പ്രീമിയം അടച്ചാൽ രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും നേടാം. അക്കൗണ്ട് ഉടമയ്ക്ക് അപകടത്തിൽ ഭാഗികമായ വൈകല്യമാണ് സംഭവിക്കുന്നതെങ്കിൽ ഒരു ലക്ഷം രൂപയും മരിച്ചാൽ 2ലക്ഷം രൂപയും ലഭിക്കും.
കുറഞ്ഞ തുകയുടെ നിക്ഷേപവും വായ്പയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ഉടനെ തുടങ്ങും. ഡിജിറ്റൽ പണമിടപാടിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
എല്ലാകുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച പദ്ധതിയാണ് ജൻധൻ അക്കൗണ്ട്.
Discussion about this post