കൊല്ലം: കൊല്ലം ജില്ലയിലെ ആദ്യത്തെ കളക്ടര്‍ പി ഐ ജേക്കബ് 1954 ഏപ്രില്‍ ഒന്നിന് ചേംബറില്‍ പ്രവേശിച്ചത് മുതല്‍ മാറിമാറിവന്ന കളക്ടര്‍മാര്‍ ഇരുന്ന പഴയ ചേംബര്‍ ചരിത്രമാവുന്നു. നിലവിലെ ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഇന്ന് മുതല്‍ പുതിയ ചേംബറിലേക്ക്. കളക്ട്രേറ്റിലെ പഴയ സമ്മേളന ഹാളാണ് മോടിപിടിപ്പിച്ച് ജില്ലാ കളക്ടറുടെ ചേംബറാക്കിയത്. ചേംബര്‍, പാന്‍ട്രി, ശൗചാലയം എന്നിവ ഉള്‍പ്പടെ 132 ചതുരശ്ര മീറ്റര്‍ വീസ്തീര്‍ണമുണ്ട്. ചേംബര്‍ മാത്രം 106 ചതുരശ്ര മീറ്ററാണ്.
കൊല്ലം ജില്ലയുടെ 47മത്തെ കളക്ടറാണ് ബി അബ്ദുല്‍ നാസര്‍. എം ജി പി പദ്ധതിയില്‍ കളക്ട്രേറ്റിലെ സെക്ഷനുകള്‍ 2005 ല്‍ പുതുക്കി പണിതപ്പോള്‍ നിലവിലെ ചേംബറായ അന്നത്തെ സമ്മേളന ഹാളിലായിരുന്നു ജീവനക്കാര്‍ ഇരുന്നത്. പഴയ ചേംബര്‍ മോടിപിടിപ്പിച്ച വേളയില്‍ കളക്ട്രേറ്റില്‍ തെക്കുഭാഗത്തുള്ള ഡെപ്യൂട്ടി കളക്ടറിന്റെ മുറിയായിരുന്നു അന്നത്തെ ചേംബറാക്കിയിരുന്നത്. സുനാമി ദുരന്ത വേളയില്‍ ദുരിതാശ്വാസത്തിനായി ലഭിച്ച സാധനസാമഗ്രികള്‍ അന്ന് സൂക്ഷിച്ചിരുന്നത് നിലവിലെ ചേംബറായ അന്നത്തെ സമ്മേളന ഹാളിലായിരുന്നു.
പ്രകൃതി ദുരന്തങ്ങള്‍, ട്രെയിന്‍ അപകടങ്ങള്‍, ഗ്യാസ് ടാങ്കര്‍ അപകടം, മദ്യ ദുരന്തം, വെടിക്കെട്ട് അപകടം തുടങ്ങിയവയും ക്രമസമാധാന പ്രശ്നങ്ങളും ഇടപെട്ട് നടപടികള്‍ കൈക്കൊണ്ട ജില്ലാ ഭരണകൂടത്തിന്റെ അധിപന്‍മാര്‍ ഇരുന്ന പഴയ ചേംബറിന് അതിന്റേതായ പ്രാധാന്യമുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് രോഗവ്യാപനം പിടിച്ച് നിര്‍ത്തിയതുള്‍പ്പടെ ക്രമീകരണങ്ങള്‍ കൈക്കൊള്ളുന്ന വേളയിലാണ് കളക്ടര്‍ പുതിയ ചേംബറിലേക്ക് കടക്കുന്നത്.രാവിലെ 11.30ന് ചേംബറിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.
Discussion about this post