തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടകളുടെ പ്രതിഷേധം ശക്തം. സെക്രട്ടേറിയറ്റിന് മുന്നില്‍ യുവമോര്‍ച്ച നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തള്ളി മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
അതേസമയം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ ബിജെപിയുടെ പ്രതിഷേധ മാര്‍ച്ചുണ്ടായി. പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ബിജെപി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കൊല്ലം കളക്ട്രേറ്റിലേക്ക് ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. യൂത്ത് കോണ്‍ഗ്രസുകാരും കളക്ട്രേറ്റിലേക്ക് പ്രതിഷേധവുമായി എത്തി. കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
അതേസമയം സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന്റെ സാങ്കേതിക കാരണങ്ങള്‍ അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മീഷണര്‍ ഡോ. കൗശികന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത അറിയിച്ചു. ഇതോടൊപ്പം ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും. ഇതിനായി എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു.ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധ സമിതിയിലെ അംഗങ്ങളും തീപിടിത്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചു. പൊതുഭരണ വകുപ്പിന്റേയും വിനോദ സഞ്ചാര വകുപ്പിന്റേയും ചില സെക്ഷനുകള്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് സാന്‍വിച്ച് ബ്ളോക്കിലെ രണ്ടാം നിലയിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ തീപിടിത്തം ഉണ്ടായത്.
Discussion about this post