തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടിത്തം. പൊതുഭരണ വകുപ്പ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. ചില ഫയലുകള്‍ കത്തിനശിച്ചെന്നാണ് വിവരം. എന്നാല്‍ കത്തിനശിച്ച ഫയലുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമല്ല.
വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു.റൂം ബുക്കിംഗ് ഫയലുകളാണ് കത്തിനശിച്ചതെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. പ്രോട്ടോകോള്‍ ഓഫീസറുടെ ഓഫീസും ഇവിടെയാണ്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എന്‍ഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോകോള്‍ ഓഫീസറോടാണ്. എന്നാല്‍ പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിനശിച്ചില്ലെന്നാണ് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.ഹണി പറഞ്ഞത്. അതേസമയം സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മാധ്യമങ്ങളോട് പ്രതികരിച്ചു. ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റ് ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതില്‍ പെടാത്ത രണ്ട് ജീവനക്കാര്‍ മാത്രമാണ് ഇന്ന് ഓഫീസിലുണ്ടായിരുന്നത്.
അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തീപിടിത്തമുണ്ടായതിന് പിന്നാലെ വി.എസ്.ശിവകുമാറും വി.ടി.ബലറാമുമടക്കമുള്ളവര്‍ സ്ഥലത്തെത്തുകയും അകത്തേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് തടയുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇവര്‍ സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലത്തെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.തുടര്‍ന്ന് രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍, വി.ടി.ബലറാം, ശബരിനാഥ് എന്നിവരെ അകത്തേക്ക് കടത്തിവിട്ടു. സുപ്രധാന ഫയലുകള്‍ സക്ഷിച്ചിരിക്കുന്ന ഓഫീസില്‍ തീപിടിത്തമുണ്ടായതില്‍ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ചെന്നിത്തലയുടെ ആരോപണം.
ബിജെപി നേതാവ് കെ.സുരേന്ദ്രനടക്കമുള്ളവരും സ്ഥലത്ത് പ്രതിഷേധിച്ചിരുന്നു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതും സംഘര്‍ഷത്തിന് കാരണമായി. അതി പ്രധാന ഫയലുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് തീപിടിച്ചതല്ല, തീ വെച്ചതാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
എന്നാല്‍ സെക്രട്ടേറിയറ്റ് കലാപഭൂമിയാക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിച്ചെന്നായിരുന്നു മന്ത്രി ഇ.പി.ജയരാജന്റെ പ്രതികരണം. സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷം ആസൂത്രിതമാണ്. തീപിടിത്തം നടന്നയുടനെ യുഡിഎഫിന്റേയും ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ കടന്നുവന്ന് വ്യാപകമായ അക്രമം അഴിച്ചുവിട്ടു. ഇവരുടെ സാന്നിധ്യവും ഇടപെടലും സംശയമുണ്ടാക്കുന്നതാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
Discussion about this post