തിരുവനന്തപുരം: കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണമല്ല, കൊള്ള സംഘത്തിന്റെ ഭരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രിയുടെ ഓഫീസ് ഉപജാപകസംഘത്തിന്റെ നിയന്ത്രണത്തിലാണ്. അവതാരങ്ങളുടെ ആറാട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നതെന്നും ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു.
അതിനിടെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയില്‍ നേര്‍ക്കുനേര്‍ വന്നു. ഗണേഷ് കുമാറിന്റെ പെരുമാറ്റത്തെച്ചൊല്ലിയായിരുന്നു തര്‍ക്കം. ഗണേഷ് കുമാര്‍ സീറ്റിലിരുന്ന് പ്രതിപക്ഷത്തെ വെല്ലുവിളിച്ചെന്ന് ചെന്നിത്തല ആരോപിച്ചു. മാന്യനായ അംഗത്തോട് മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. ഇതോടെ സഭയില്‍ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞതോടെയാണ് തര്‍ക്കത്തിന് ശമനമായത്.
അവിശ്വാസപ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെയും കെ.ടി.ജലീലിനെതിരെയും കെ.എം.ഷാജി എംഎല്‍എ രംഗത്തെത്തി. കള്ളക്കടത്ത് വഴി ഖുറാന്‍ പഠിപ്പിക്കാമെന്ന് കണ്ടെത്തിയ ആദ്യ മന്ത്രിയാണ് ജലീലെന്ന് ഷാജി പരിഹസിച്ചു. അഴിമതിയുടെ എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്കല്ലെന്നും സീനിയര്‍ മാന്‍ഡ്രേക്കാണെന്നും ഷാജി പരിഹസിച്ചു.
എം.ശിവശങ്കറിന്റെ ഒരേയൊരു ഗോഡ്ഫാദര്‍ മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി. എന്‍ഐഎ അന്വേഷിക്കുന്ന കേസുകളുടെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. അതിനിടെ മാധ്യമപ്രവര്‍ത്തകരുടെ നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് വീണ ജോര്‍ജ് എംഎല്‍എ പ്രതികരിച്ചില്ലെന്ന് ഷാഫി പറഞ്ഞത് സഭയില്‍ തര്‍ക്കത്തിന് കാരണമായി.
അവിശ്വാസപ്രമേയത്തെ എതിര്‍ത്ത് എം.സ്വരാജ് എംഎല്‍എ സംസാരിച്ചു. ഏത് കെടുതിയും വരട്ടെ, ഞങ്ങളെ കാക്കാന്‍ പിണറായി ഉണ്ടെന്നാണ് കേരളം പറയുന്നതെന്ന് സ്വരാജ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെയും സ്വരാജ് വിമര്‍ശിച്ചു. അവിശ്വാസപ്രമേയം നനഞ്ഞ പടക്കമായി. സംസ്ഥാനത്ത് ഇടതുവിരുദ്ധ ദുഷ്ടസഖ്യം പ്രവര്‍ത്തിക്കുന്നുണ്ട്. മാധ്യമങ്ങളെയും കൂട്ടുപിടിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. നാല് മാധ്യമങ്ങള്‍ കൂടെയുണ്ടെങ്കില്‍ കേരളത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതേണ്ടെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് എം.കെ.മുനീര്‍ ആരോപിച്ചു. എന്നാല്‍ പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ക്രമക്കേടില്ലന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. 300 രൂപയ്ക്കും പിപിഇ കിറ്റ് കിട്ടും. ഗുണനിലവാരമുണ്ടാവില്ല. ഇ-മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞനിരക്കിലാണ് കിറ്റുകള്‍ വാങ്ങിയത്. കോവിഡ് നേരിടാന്‍ ചെലവിട്ട ഓരോ രൂപയ്ക്കും കണക്കുണ്ടെന്നും ഓഡിറ്റിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശ്രേയാംസ് കുമാര്‍ 41ന് എതിരെ 88 വോട്ടുകള്‍ക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. എം.പി.വീരേന്ദ്ര കുമാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നിയമസഭാ മന്ദിരത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്. അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിനും പ്രൊഫ.എന്‍.ജയരാജും പങ്കെടുത്തില്ല. യുഡിഎഫിന്റെ അന്ത്യശാസനം തള്ളി ജോസ് വിഭാഗത്തിലെ രണ്ട് എംഎല്‍എമാര്‍ നിയമസഭാ നടപടികളില്‍ നിന്ന് വിട്ടുനിന്നതിനെ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ജോസ് വിഭാഗം കാണിച്ചത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അത് ജനങ്ങള്‍ വിലയിരുത്തുമെന്നും ചെന്നിത്തല വിമര്‍ശിച്ചു.
സമ്മേളനം നടക്കുന്നതിനെട സഭാ കവാടത്തില്‍ ബിജെപി പ്രതിഷേധം നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ഒ.രാജഗോപാല്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പത്തിലേറെ പ്രവര്‍ത്തകര്‍ സഭാ കവാടത്തില്‍ പ്രതിഷേധിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ചവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Discussion about this post