തിരുവനന്തപുരം: യുഡിഎഫ് അന്ത്യശാസനം തള്ളി ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. യുഡിഎഫ് കണ്‍വീനര്‍ പുറത്താക്കല്‍ പ്രഖ്യാപിച്ചതാണെന്നും ഒരു പാര്‍ട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് ജോസ് കെ മാണി ചോദിച്ചു.
തിങ്കളാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് യുഡിഎഫ് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നുമാണ് യുഡിഎഫിന്റെ മുന്നറിയിപ്പ്. വോട്ട് ചെയ്തില്ലായെങ്കില്‍ നാളെ തന്നെ മുന്നണി യോഗം ചേര്‍ന്ന് നടപടി തീരുമാനിക്കുമെന്നും യുഡിഫ് കണ്‍വീനര്‍ വ്യക്തമാക്കി. രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന വിപ്പും പാലിക്കണം എന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
എന്നാല്‍ വിപ്പ് നല്‍കാന്‍ മുന്നണിക്ക് അധികാരം ഇല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. നിയമസഭാ രേഖ പ്രകാരം വിപ്പ് നല്‍കാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. സഭയില്‍ സ്വതന്ത്രനിലപാട് എടുക്കുമെന്നും അവിശ്വാസ പ്രമേയത്തിലും അതാവും നിലപാടെന്നും ജോസ്.കെ.മാണി വ്യക്തമാക്കി. 38 വര്‍ഷം ഐക്യജനാധിപത്യ മുന്നണിക്കൊപ്പം നിന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തിനെ ജില്ലാ പഞ്ചായത്ത് പദവിക്ക് വേണ്ടി പുറത്താക്കി. ഒരു പാര്‍ട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടി ഉണ്ടെന്ന് പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നുമാണ് ജോസ് കെ.മാണി പ്രതികരിച്ചത്.
Discussion about this post