നാട്ടിൻ പുറത്തിന്റെ ഗുണമുള്ള സോഫ്റ്റ്‌വെയർ ഇപ്പോൾ കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയുടെ അഭിമാനം കൂടിയാണ്. ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ടൂൾ ആയി കേരളത്തിലെ ടെക്ജൻഷ്യ ടീം നിർമിച്ച “വീ കൺസോൾ” എന്ന ആപ്പ് തിരഞ്ഞെടുത്തിരിക്കുകയാണ്.
കോവിഡ് പശ്ചാത്തലത്തിൽ സുരക്ഷിതവും തദ്ദേശീയവുമായ വീഡിയോ കോൺഫറൻസ് ആപ്പ് നിർമിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ഇന്നോവേഷൻ ചാലഞ്ചിൽ പങ്കെടുത്താണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
പന്ത്രണ്ടായിരത്തിലേറെ കമ്പനികൾ സമർപ്പിച്ച ഉൽപ്പന്നങ്ങളിൽ നിന്നാണ് വീ കൺസോളിനെ തിരഞ്ഞെടുത്തത്. ആദ്യ ഘട്ടത്തിൽ 12 കമ്പനികളാണ് ചുരുക്കപട്ടികയിൽ ഇടം പിടിച്ചിരുന്നത്. അവസാന ഘട്ടത്തിലേക്ക് അതിൽ നിന്നും 3 കമ്പനികളെയാണ് തിരഞ്ഞെടുത്തത്.
സൂമിനേക്കാൽ സാങ്കേതിക മികവ് പ്രകടിപ്പിക്കുന്നു എന്നതാണ് ആലപ്പുഴക്കാരനായ ജോയി സെബാസ്റ്റ്യന്റെ സ്റ്റാർട്ടപ്പായ ടെക്ജൻഷ്യയെ വ്യത്യസ്തമാക്കുന്നത്. ഡാറ്റാ ഉപയോഗം കുറച്ച്, ക്വാളിറ്റി നഷ്ടപ്പെടാതെ , പങ്കെടുക്കുന്ന എല്ലാവരുടെയും വീഡിയോകൾ യോജിപ്പിച്ച് ഒറ്റ വീഡിയോ ആയി സ്ട്രീം ചെയ്യാൻ വീ കൺസോളിലൂടെ സാധിക്കുന്നു.
ഇന്നവേറ്റിവ് ചാലഞ്ചിൽ ഏറ്റവും മികച്ച വീഡിയോ കോൺഫറൻസിങ് സോഫ്റ്റ്‌വെയറായി തിരഞ്ഞെടുക്കപ്പെട്ട വീ – കൺസോൾ ലോക സംരംഭക ദിനമായ ഇന്ന് കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് മികച്ച മാതൃകയായി മാറുകയാണ്.
Discussion about this post