തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. ഇത് കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പ് വരുത്തണം.മുന്‍ ആഘോഷങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ചതുപോലെ പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ പാടില്ല. പൊതു സ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. ഷോപ്പുകള്‍ രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണിവരെ തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോട്ടലുകള്‍ രാത്രി 9 മണിവരെ തുറന്നു പ്രവര്‍ത്തിക്കാം. മിക്കവാറും ഹോട്ടലുകളും റിസോര്‍ട്ടുകളും അടഞ്ഞുകിടക്കുകയാണ്. അണുമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇവ തുറക്കാനുള്ള അനുമതി നല്‍കും.
ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് ധാരാളം പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്19 പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി. ഓണമായതിനാല്‍ ധാരാളം പേര്‍ പുറത്തുനിന്ന് സംസ്ഥാനത്തേക്ക് വരും. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും ടെസ്റ്റ് നടത്താനും ആരോഗ്യവകുപ്പ് തയ്യറാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കോവിഡ് മുന്‍കരുതലുകള്‍ യുവജനങ്ങള്‍ വേണ്ടത്ര പാലിക്കുന്നില്ല എന്ന പൊതു അഭിപ്രായം ഉണ്ട്. അതിനാല്‍ മാസ്‌കുകള്‍ ധരിക്കുന്നതുള്‍പ്പെടെയുള്ള ക്യാമ്പയിന്‍ നടത്താന്‍ ബന്ധപ്പട്ട വകുപ്പുകള്‍ തയ്യാറാകണം. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിക്കും. കോവിഡ്19 ബ്രിഗേഡ് സ്പെഷ്യല്‍ ടീമിനെ ജയിലില്‍ നിയോഗിക്കും. 65 വയസ്സ് കഴിഞ്ഞ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും ജയില്‍ ഡിജിപിയെയും ചുമതലപ്പെടുത്തി. ജയിലുകളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണിത്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനു മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്ന ചില ജില്ലകളിലെ നിബന്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post