കോവിഡ് കാലത്ത് സംരംഭകർക്ക് ആശ്വസിക്കാം. സംസ്ഥാനത്തെ കൂടുതല്‍ സംരംഭക സൗഹൃദമാക്കുന്നതിനായി രൂപം നല്‍കിയതാണ് കെസ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫെയ്സ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്‍റ് ക്ലിയറന്‍സസ്) എന്ന ഏകജാലക സംവിധാനം. ഇത് വഴി 2547 സൂക്ഷ്മ, ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങള്‍ക്ക് ഇപ്പോൾ സര്‍ക്കാര്‍ അംഗീകാര പത്രങ്ങള്‍ നല്‍കിയിരിക്കുകയാണ്.
എംഎസ്എംഇയ്ക്കു പുറമെ 361 സേവനങ്ങള്‍ക്കുള്ള അംഗീകാരവും കെസ്വിഫ്റ്റ് വഴി നല്‍കിയിട്ടുണ്ട്. 717.80 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ സംസ്ഥാനത്ത് സ്വന്തമാകുക. 2020 ജൂലൈ 22 വരെയുള്ള 2378 അപേക്ഷകളിന്മേലാണ് തീര്‍പ്പു കല്‍പിച്ചിരിക്കുന്നത്.
ബിസിനസ് അന്തരീക്ഷം സുഗമമാക്കുന്നതിനുള്ള (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) പരിഷ്കരണ നടപടികളുടെ ഭാഗമായി രൂപം നല്‍കിയ കെസ്വിഫ്റ്റിലേയ്ക്ക് സംരംഭകര്‍ക്ക് നിക്ഷേപ നിര്‍ദ്ദേശങ്ങൾ സമർപ്പിക്കാൻ കഴിയും . നിർദ്ദേശങ്ങൾ പൊതു അപേക്ഷാഫോമില്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
കൂടാതെ സംരംഭവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കല്‍, ഓണ്‍ലൈനായി പണമടയ്ക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി നിര്‍ണയം, അന്തിമ അനുമതി പത്രം തുടങ്ങിയ സൗകര്യങ്ങളെല്ലാം കെ-സ്വിഫ്റ്റിലുള്ളതുകൊണ്ട് കാലതാമസവും ഒഴിവാക്കാൻ സഹായകമാകും.
കെസ്വിഫ്റ്റിലെ പത്തു കോടി രൂപ വരെ നിക്ഷേപം ലഭിക്കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് തല്‍ക്ഷണം അനുമതി കിട്ടുന്ന തരത്തില്‍ പരിഷ്കരണം നടത്തിയിട്ടുണ്ട്. സംരംഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ 15 സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും കെ-സ്വിഫ്റ്റ് വഴി ബന്ധപ്പെടുത്താനാകും. കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, തൊഴില്‍, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, അഗ്നി സുരക്ഷ, മൈനിങ് ആന്‍ഡ് ജിയോളജി, സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി (എസ്ഇഐഎഎ), ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സസ് തുടങ്ങിയവ ഉൾപ്പെട്ടതാണ് ഇൗ വകുപ്പുകൾ.
നിലവില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളില്ലാത്ത വനം വകുപ്പ്, ഭൂഗര്‍ഭ ജലവകുപ്പ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ വകുപ്പ്, ചീഫ് ടൗണ്‍ പ്ലാനിംഗ് തുടങ്ങിയവയെ ബന്ധിപ്പിക്കാനുള്ള സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യം, കൃഷി, റവന്യൂ, ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ് എസ്എസ്എഐ), തീര സംരക്ഷണ മാനേജ്മെന്‍റ് അതോറിറ്റി (സിഇസെഡ്എംഎ) എന്നിവയെ കെസ്വിഫ്റ്റിന്‍റെ അടുത്ത ഘട്ടത്തില്‍ ഉള്‍പെടുത്തും. അതിലൂടെ നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമമാക്കാനും ഔദ്യോഗിക ഇടപെടലുകള്‍ പരമാവധി കുറയ്ക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടൽ.
Discussion about this post