ഓരോ ഇന്ത്യക്കാരന്റെയും വികാരമാണ് ക്രിക്കറ്റ് എങ്കിൽ അതിന്റെ തലവര തന്നെ മാറ്റിയ ഇതിഹാസമാണ് ഏഴാം മാസം ഏഴാം തീയതി ജനിച്ച ഏഴാം നമ്പര്‍ താരമായ ധോണി.
റാഞ്ചിയിലെ സാധാരണ കുടുംബത്തില്‍ നിന്നാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച കളിക്കാരൻ കടന്നു വന്നത്. തോളോടൊപ്പം നീണ്ട മുടിയും, ഉരുണ്ട ശരീരവുമുള്ള എപ്പോഴും കൂളായി കാണപ്പെടുന്ന 23 കാരന്‍. 2004 ഡിസംബര്‍ 23 ന് ബംഗ്ലാദേശിനു എതിരായി കളിച്ചു കൊണ്ടായിരുന്നു അദ്ദേഹം തന്റെ അരങ്ങേറ്റം കുറിച്ചത്. പക്ഷെ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ആദ്യ പന്തില്‍ തന്നെ റണ്‍ഔട്ട് ആയി. ഒരാള്‍ ഒരിക്കലും ആഗ്രഹിക്കാത്ത തുടക്കം. തുടക്കക്കാരന്റെ പ്രതീക്ഷകൾ തല്ലി കൊഴിക്കാനാണെങ്കിൽ ഇതിലും മികച്ച കാരണം വേണ്ട.
പക്ഷെ വിധിയ്ക്ക് അവിടെയാണ് ആള് മാറിയത്. എത് സാഹചര്യത്തിലും മുഖത്തെ പുഞ്ചിരി കൈവിടാത്ത, ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അടിത്തറ പാകേണ്ട ഭാവിയിലെ ക്യാപ്റ്റന്‍ കൂളിന് വിഷമിച്ചിരിക്കാന്‍ കഴിയില്ലായിരുന്നു. അന്ന് മുതൽ ധോണി തുടക്കമിടുകയായിരുന്നു മറ്റുള്ളവരെ വിസ്മയിപ്പിക്കുന്ന മഹേന്ദ്ര മായാജാലത്തിന്.
സമാനതകളില്ലാത്ത നേട്ടമാണ് ബാറ്റിങ്ങില്‍ ഏഴാമനായി ഇറങ്ങിയ മഹിന്ദ്ര സിംഗ് ധോണി സ്വന്തമാക്കിയത്. 3 ഫോര്‍മാറ്റിലും 50 ലധികം മത്സരങ്ങളില്‍ ക്യാപ്റ്റന്‍ ആയ ഏക താരം.ഇന്ത്യയ്ക്ക് ഏറ്റവും അധികം വിജയം സമ്മാനിച്ച നായകന്‍.ട്വന്റി 20 ഏകദിന ലോക കപ്പ് നേടിയ ഏക ക്യാപ്റ്റന്‍.ഐസിസിയുടെ എല്ലാ കിരിടവും സ്വന്തമാക്കിയ കളിക്കാരന്‍.ഐസിസി ഏക ദിന ഇലവനില്‍ ഏറ്റവും കൂടുതല്‍ തവണ ഇടം പിടിച്ച താരം.ക്രിക്കറ്റ് ദൈവത്തിന്റെ കരിയറിന് പൂര്‍ണത നല്‍കിയ സിക്സര്‍ സമ്മാനിച്ച ബാറ്റ്സ്മാൻ.കൂടാതെ പത്മശ്രീ, പത്മഭൂഷണ്‍, ഖേല്‍രത്ന എന്നിങ്ങനെ രാജ്യത്തിന്റെ ആദരവും.
ടീമിന്റെ പേര് പറഞ്ഞു പരിചയപ്പെടുത്തുന്നതില്‍ നിന്നും എംഎസ്ഡി യുടെ ടീം എന്ന് പരിചയപ്പെടുത്തുന്ന കാലത്തിലെത്തിക്കാൻ അദ്ദേഹത്തിന് അധിക കാലം വേണ്ടി വന്നില്ല എന്നത് മറ്റൊരു കാര്യം.
തോല്‍വിയില്‍ നിന്നും ഉയർത്തെഴുന്നേറ്റ ശാന്തനും വിവേകിയുമായ ധോണി എതിരാളികളെ പോലും അമ്പരപ്പിക്കുന്ന മനുഷ്യൻ ആയിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചട്ടകൂടുകള്‍ പൊളിച്ചെഴുതിയ സൗരവ് ഗാംഗുലിയുടെ ഉത്തമ പിൻഗാമി.
ഊര്‍ജസ്വലരായ ടീം മെംബേര്‍സിനെ തിരഞ്ഞെടുക്കുക, വിക്കറ്റിനു പിറകില്‍ നിന്ന് ടീമിന് വിജയമന്ത്രങ്ങള്‍ ചൊല്ലികൊടുക്കുക, ജാഗ്രതയോടെ ടീമിനെ ഒന്നടങ്കം ഉണര്‍ത്തുക. തോല്‍വിയിലും ഭാവഭേദമേതുമില്ലാതെ നില്‍ക്കുക ഇതൊക്കെ ധോണി യുഗം ഇന്ത്യന്‍ ക്രിക്കറ്റില്‍ രേഖപ്പെടുത്തിയ ചില പാഠങ്ങളാണ്. ഒരു സമയത്ത് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അതിനൊക്കെ വ്യക്തമായ മറുപടി നൽകി തന്റെ നേതൃപാടവം കൊണ്ട് അവരെ നിശബ്ദരാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
2019 ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യന്‍ ജനതയെ ഒന്നടങ്കം കരയിപ്പിച്ച തോല്‍വിയ്ക്ക് ശേഷം ധോണി നായകവേഷം അണിഞ്ഞിട്ടില്ല.
കാഴ്ചക്കാർ സമ്മർദ്ദത്തിൽ ആകുമ്പോഴും കൂൾ ആയി കളിക്കളത്തിൽ നിൽക്കുന്ന, ഭയ രഹിതമായ ഉറച്ച തീരുമാനങ്ങൾ കൊണ്ട് വ്യത്യസ്തനായ ധോണി ഇന്ത്യൻ ക്രിക്കറ്റിന്റെ പടിയിറങ്ങിയിരിക്കുന്നു. കൂടെ സുരേഷ് റെയ്‌നയും.
സിനിമയിലൂടെ ധോണിയായി ജീവിച്ച സുശാന്ത് സിംഗ് രാജ്പുതിന്റെ വേർപാട് നടന്നു 2 മാസവും 1 ദിവസവും പിന്നിടുമ്പോഴാണ് യാഥാർത്ഥ ധോണിയുടെ വിരമിക്കൽ പ്രഖ്യാപിച്ചത്. വൈകാതെ സുരേഷ് റെയ്‌നയും തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post