തിരുവനന്തപുരം: സര്‍ക്കാരിനെ വെള്ളപൂശാനാണ് പി എസ് സി ചെയര്മാന് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കാലത്തും ഉണ്ടാകാത്ത വിധം പി എസ് സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും പൊടിപൊടിക്കുമ്പോള്‍ അതിനെതിരെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് പറയുന്ന പി എസ് സി ചെയര്‍മാന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ജോലിയില്‍ കരാര്‍ നിയമനങ്ങളൊന്നും നടക്കുന്നില്ലെന്ന ചെയര്‍മാന്റെ വാദം അത്ഭുതകരമാണ്. കണ്‍സള്‍ട്ടന്‍സികള്‍ വഴി കരാര്‍ നിയമനം നടത്തുന്ന കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അപ്പോള്‍ പി എസ് സി ചെയര്മാന് അക്കാര്യം നിഷോധിക്കുന്നത് രാജാവിനേക്കാള്‍ വലിയ രാജഭക്തിയുള്ളതുകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു.
ഉറക്കമിളച്ചിരുന്ന് പഠിച്ച് പിഎസ് സി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റുന്ന മിടുക്കരെ ഇളിഭ്യരാക്കിക്കൊണ്ടാണ് യാതൊരു യോഗ്യതയുമില്ലാതെ സ്വപ്നയെപ്പോലുള്ളവര്‍ വന്‍ശമ്പളത്തില്‍ സര്‍ക്കാര്‍ ജോലികളില്‍ കയറിപ്പറ്റുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളില്‍ നൂറിലധികം റാങ്ക് ലിസ്റ്റുകളാണ് ലാപ്സായത്. നാമമാത്രമായ നിയമനങ്ങള്‍ മാത്രമേ അതില്‍ നടന്നിട്ടുള്ളൂ. സിവില്‍ പൊലീസ് ഓഫീസര്‍, ലാസ്റ്റ് ഗ്രേഡ്, ഇംഗ്ളീഷ് ലക്ച്ചറര്‍ തുടങ്ങിയ ഒട്ടേറെ ലിസ്റ്റുകളില്‍ പേരിന് മാത്രം നിയമനം നടന്നു. നഴ്സുമാരുടെ റാങ്ക് ലിസ്റ്റ് വെറുതെ കിടക്കുമ്പോള്‍ താത്ക്കാലികക്കാരെ നൂറു കണക്കിനാണ് നിയമിക്കുന്നത്. സി.ഡിറ്റില്‍ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തകൃതിയായി നടക്കുന്നു. 53 സ്ഥാപനങ്ങളില്‍ നിയമനം പി.എസ്.സിക്ക് വിട്ടിട്ടും ചട്ടങ്ങള്‍ രൂപീകരിക്കാതെ പിന്‍വാതില്‍ നിയമനം നടത്തുകയാണ്. അതിനാല്‍ താത്ക്കാലിക നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും അവസാനിപ്പിച്ച് പിഎസ്സി വഴി നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിന് വേണ്ടി റാങ്കു ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Discussion about this post