തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഇന്നത്തെ പത്രത്തിലെ എഡിറ്റോറിയലിലാണ് മാധ്യമപ്രവര്‍ത്തകരെയും പാര്‍ട്ടി അണികളെയും വിമര്‍ശിച്ചിരിക്കുന്നത്.
എഡിറ്റോറിയലിന്റെ പൂര്‍ണരൂപം:
”മാധ്യമ സമൂഹം മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ മറക്കുന്നു. കേട്ടറിവുകള്‍ വാര്‍ത്തയാക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം. വ്യക്തികളെയും സമൂഹത്തെയും അവഹേളിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്. സത്യസന്ധമായ വാര്‍ത്തകളായിരിക്കണം പ്രസിദ്ധീകരിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും. അതേതെന്ന് സ്വീകരിക്കുന്നത് വിവേകത്തോടെയാവണം. ഗോസിപ്പുകള്‍ക്ക് പിന്നാലെ പോകരുത്. പുറത്തേക്കിറങ്ങുമ്പോള്‍ സ്വദേശാഭിമാനിയെയും കേസരി ബാലകൃഷ്ണപിള്ളയെയും ഒന്ന് ഓര്‍ക്കണം’. – കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവിലെ പരാമര്‍ശമാണിത്.
ഇന്നലെയും ഇതേകോടതി മാധ്യമവിചാരണക്കെതിരെ വിമര്‍ശനം നടത്തി. ഇന്ന് കോടതികള്‍ മാത്രമല്ല, പൊതുസമൂഹമാകെ മാധ്യമങ്ങളെ വിലയിരുത്തുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ നാലാം തൂണ് ആണെന്ന ബോധ്യം നഷ്ടപ്പെടുകയോ തങ്ങള്‍ വിമര്‍ശനങ്ങള്‍ക്കതീതരല്ല എന്ന തോന്നലുണ്ടാകുകയോ ചെയ്യുമ്പോഴാണ് മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറാവുന്നത്. മാധ്യമങ്ങള്‍ സ്വയം സൃഷ്ടിച്ചെടുക്കുന്ന ആ ഇടത്തില്‍ വിമര്‍ശനങ്ങള്‍ വന്ന് കുമിഞ്ഞുകൂടുകയും ചെയ്യും. സ്വയം വിമര്‍ശനത്തിന് തയ്യാറാവുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും നില്‍ക്കാതെ തങ്ങളുടെ ശരിയില്‍ കടിച്ചുതൂങ്ങുന്ന ശൈലി ആവര്‍ത്തിക്കപ്പെടുമ്പോള്‍ മാധ്യമ ധര്‍മ്മം കാത്തുസൂക്ഷിക്കുന്നവരടക്കം സമൂഹത്തിന് അനഭിമതരായി തുടരേണ്ടിവരുന്ന അവസ്ഥയുണ്ടാകുന്നു.
മാധ്യമങ്ങളില്‍ പലതും സമൂഹമാധ്യമങ്ങളില്‍ പ്രത്യേക വിഭാഗങ്ങളും ഇന്ന് സഞ്ചരിക്കുന്നത് അഭിലഷണീയമായ പഥത്തിലൂടെയാണ്. രണ്ടും ചേര്‍ത്തുകെട്ടി നിഗൂഢ ലക്ഷ്യത്തിനായി ഉപയോഗിക്കപ്പെടുന്നതും വലിയ ദോഷങ്ങളുണ്ടാക്കുന്നുണ്ട്. ചാനല്‍ ചര്‍ച്ചകളിലെ പരദൂഷണവിശേഷങ്ങള്‍ വലിയ വിവാദങ്ങളിലേക്കും കൂടുതല്‍ തര്‍ക്കങ്ങളിലേക്കും എത്തിക്കുന്ന ഇടനാഴിയാണിന്ന് സമൂഹമാധ്യമങ്ങള്‍. അരമണിക്കൂറിലും ഒരുമണിക്കൂറിലും ഒതുങ്ങിപ്പോകുന്ന ആനുകാലിക വിഷയങ്ങളിലെ തര്‍ക്കങ്ങളെ സമൂഹത്തിന്റെ മുന്നിലേയ്‌ക്കെറിഞ്ഞുകൊടുക്കുന്നത് സൈബര്‍ കുറ്റകൃത്യമാണെന്ന് പറയുന്നില്ല. അതിന്റെ പേരില്‍ പക്ഷം ചേര്‍ന്ന് അതിരുകടന്ന പദപ്രയോഗങ്ങളിലൂടെ രാഷ്ട്രീയത്തെയും രാഷ്ട്രൂീയനേതൃത്വങ്ങളെയും അപഹാസ്യരാക്കപ്പെടുന്നത് നിയന്ത്രിക്കപ്പെടണം. രാജ്യത്തിന്റെ പൊതുസ്ഥിതി ചൂണ്ടിക്കാട്ടിയാല്‍ ആര്‍എസ്എസ്-ബിജെപി അനുകൂല അക്കൗണ്ടുകളില്‍ നിന്ന് പുറംതള്ളപ്പെടുന്ന കമന്റുകളും അതിനെ നേരിടുന്ന ശൈലിയും നിരീക്ഷിക്കപ്പെടേണ്ടതാണ്. കോണ്‍ഗ്രസിന്റെ നിയമസഭാസാമാജികര്‍ പോലും തങ്ങള്‍ക്ക് തല്പരരല്ലാത്ത സ്ത്രീകള്‍ക്കെതിരെയും അഭിപ്രായങ്ങള്‍ക്കെതിരെയും നടത്തിയ അശ്ലീല പദപ്രയോഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടതാണ്.
മോര്‍ഫിങ്ങിലൂടെ മുഖ്യമന്ത്രിയുടെ കുടുംബത്തെയാകെ ആക്ഷേപിക്കാന്‍ ഡിസിസി പ്രസിഡന്റുമാര്‍ പോലും സോഷ്യല്‍ മീഡിയ ഉപയോഗിച്ചതെല്ലാം കേരളം ചര്‍ച്ചചെയ്ത വിഷയമാണ്.
സമൂഹമാധ്യമങ്ങളിലൂടെ അണികള്‍ നല്‍കുന്ന അനാരോഗ്യപരമായ ആവേശത്തെ നേതാക്കള്‍ ചാനലുകളില്‍ ആയുധമാക്കുന്നത് ദോഷകരമായിക്കാണുന്നുണ്ട്. ചര്‍ച്ചനയിക്കുന്ന മാധ്യമപ്രവര്‍ത്തകരാകട്ടെ അതിഥികളേക്കാള്‍ കൂടുതല്‍ രാഷ്ട്രീയം പയറ്റുന്നതും അമിതമാകുന്നു. ചര്‍ച്ചയ്ക്കുള്ള വിഷയം തിരഞ്ഞെടുക്കുന്നതിലും അവരുടെ രാഷ്ട്രീയലക്ഷ്യമുണ്ട്. തര്‍ക്കങ്ങളിലൂടെയാണെങ്കിലും രാഷ്ട്രീയത്തിലൂന്നിയ ചര്‍ച്ചകളിലേക്ക് തിരിച്ചുവരേണ്ടതാണ് കാലഘട്ടത്തിന്റെ ആവശ്യം. അതിന് പൊതുസമൂഹത്തെയും സമൂഹമാധ്യമങ്ങളെയും പ്രാപ്തരാക്കണം. മാധ്യമങ്ങളില്‍ അതിനുള്ള വേദികള്‍ സൃഷ്ടിക്കപ്പെടണം. അതത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്തമായി അത് മാറുകയും വേണം. എന്നാലിവിടെ അണികള്‍ മാത്രമല്ല, നേതൃത്വം തന്നെ നിലവാരം വിട്ട് തരംതാഴുന്ന സ്ഥിതിയിലേക്ക് പോകുന്നത് രാഷ്ട്രീയ ജീര്‍ണതയായേ സമൂഹം വിലയിരുത്തൂ.
മാധ്യമങ്ങളും സംവാദകരും മാന്യതമറക്കുന്നു. അനിഷ്ടം തോന്നിയാല്‍ അവരെ വ്യക്തിപരമായും കുടുംബപരമായും ആക്ഷേപിക്കുകയോ ആരോപണങ്ങളുന്നയിക്കുകയോ ചെയ്യുന്ന സ്ഥിതിയാണിന്ന്. വിമര്‍ശനങ്ങള്‍ക്ക് പാത്രമായവരാകട്ടെ അതിലേക്ക് നയിച്ച സാഹചര്യത്തില്‍ തന്റെ പങ്ക് എന്താണെന്ന് പിന്തിരിഞ്ഞന്വേഷിക്കുന്നുമില്ല. വിമര്‍ശിക്കുന്നവരുടെ തായ്വേര് അന്വേഷിക്കുന്നതില്‍ രസംകൊള്ളുന്ന നേതൃത്വങ്ങളും അണികളും തങ്ങളുടെ അടിമണ്ണിളകിപ്പോകുന്നതിനേ അത് ഉപകരിക്കൂ എന്ന് ചിന്തിക്കുന്നുമില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലംമുതലിങ്ങോട്ട് നോക്കിയാല്‍ നയങ്ങളുടെയും തത്വങ്ങളുടെയും മൂല്യം തിരിച്ചറിഞ്ഞോ എതിര്‍ത്തോ സ്വാര്‍ത്ഥതകൊണ്ടോ രാഷ്ട്രീയനിറം മാറുകയും ഭിന്നാഭിപ്രായത്തെ ഏകോപിപ്പിച്ച് പുതിയ സംവിധാനങ്ങളൊരുക്കുകയും ചെയ്യുന്നതെല്ലാം തുടരുകയാണ്. അത് ചികഞ്ഞുപോകുന്നതൊന്നും ഇന്നിന്റെ അജണ്ടയേയല്ലെന്ന് തിരിച്ചറിയുക.
Discussion about this post