തിരുവനന്തപുരം: സംസ്ഥാനത്ത് പല സ്ഥലത്തും മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കിപ്പനിയ്ക്കെതിരായ ക്യാമ്പയിന്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ശക്തമാക്കിയിരുന്നു. ആരോഗ്യ വകുപ്പ് നടത്തുന്ന പതിവ് കൊതുക്, കൂത്താടി നിയന്ത്രണ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ജൂണ്‍ മാസത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോട്കൂടി ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ എന്ന ക്യാമ്പയിനും ആവിഷ്‌ക്കരിച്ചിരുന്നു.
മഴ വീണ്ടും കനക്കുന്നതിനാല്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത തുടരേണ്ടതാണ്. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പ്പുകളോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം. കോവിഡ് പ്രതിരോധത്തിനിടയിലും ഡെങ്കിപ്പനിക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണം. വീടുകളും സ്ഥാപനങ്ങളും ആശുപത്രികളും സിഎഫ്എല്‍ടിസികളും ദുരിതാശ്വാസ ക്യാമ്പുകളും കൊതുകില്‍ നിന്നും മുക്തമാക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Discussion about this post