കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ 52 അങ്കണവാടികളില്‍ പോഷകസമൃദ്ധമായ വിഷരഹിത പച്ചക്കറികള്‍ വിളയിച്ചെടുക്കുന്ന പോഷകവാടി പദ്ധതിക്ക് തുടക്കമായി. ചിറക്കരയിലെ കോളേജ് വാര്‍ഡ് 121-ാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല ഉദ്ഘാടനം ചെയ്തു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ദീപു അധ്യക്ഷനായി.
സംസ്ഥാനത്ത് ആദ്യമായാണ് സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് അങ്കണവാടികളില്‍ കൃഷിത്തോട്ടമെന്ന ആശയം നടപ്പിലാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി വിജയമായ നൂതന കാര്‍ഷിക പദ്ധതിയായ ‘പോഷകശ്രീ’ യില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് പോഷകവാടി ആരംഭിക്കുന്നത്.
മട്ടുപ്പാവിലും മുറ്റത്തും തിരിനന സമ്പ്രദായം ഉപയോഗിച്ച് മണ്ണില്ലാ കൃഷിയിലൂടെ കുട്ടികള്‍ക്ക് ആവശ്യമായ പോഷകസമൃദ്ധമായ പച്ചക്കറികള്‍ വിളയിച്ചെടുക്കാനാകും. ബ്ലോക്ക് പഞ്ചായത്ത്-ഗുണഭോക്തൃവിഹിതത്തോടൊപ്പം അങ്കണവാടി വികസന സമിതിയിലൂടെയും സ്പോണ്‍സര്‍ഷിപ്പിലൂടെയും ലഭിക്കുന്ന തുകയും ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. കുട്ടികള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് സുരക്ഷിത പച്ചക്കറി ലഭ്യമാക്കുന്ന ശിശുവികസന വകുപ്പിന്റെ ‘സമ്പുഷ്ട കേരളം’ പദ്ധതിക്ക് ശക്തമായ പിന്തുണ നല്‍കാന്‍ പോഷകവാടിയിലൂടെ സാധിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Discussion about this post