കിടപ്പ് രോഗികളെ പരിചരിക്കുന്നവർക്ക് സഹായധനം നൽകുന്ന ആശ്വാസകിരണം പദ്ധതിയ്ക്ക് 19.53 കോടി രൂപയുടെ ഭരണാനുമതി നൽകിയെന്ന് ആരോഗ്യ- സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
സാമൂഹിക സുരക്ഷാമിഷന് കീഴിലാണ് പദ്ധതി ഉൾപ്പെടുന്നത്. മുഴുവൻ സമയ സഹായിയുടെ സേവനം ആവശ്യമാം വിധം കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.
600 രൂപയാണ് പദ്ധതി പ്രകാരം പ്രതിമാസ തുകയായി ലഭിക്കുക. ഇൗ പദ്ധതിയ്ക്ക് അർഹതയുള്ളവർക്ക് മറ്റ് പെൻഷനുകൾ ലഭിക്കുന്നതിന് തടസമുണ്ടാകില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ധനസഹായം അനുവദിക്കുക.
ക്യാൻസർ, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങൾ എന്നിവ മൂലം ഒരേ സമയത്ത് മുഴുവൻ സഹായിയുടെ സേവനം ആവശ്യമുള്ള വിധം കിടപ്പിലായ രോഗികൾ, ശാരീരിക മാനസിക വൈകല്യമുളളവർ, നൂറു ശതമാനം അന്ധത ബാധിച്ചവർ, തീവ്രമാനസിക രോഗമുള്ളവർ, ഓട്ടിസം, സെറിബ്രൽ പൾസി മുതലായ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർ, ക്യാൻസർ രോഗികൾ, എൻഡോസൾഫാൻ ബാധിച്ച് പൂർണമായും ദുർബലപ്പെട്ടവർ തുടങ്ങിയ വിഭാഗത്തിൽപെട്ടവരെ പരിചരിക്കുന്നവർക്കാണ് ഇൗ പദ്ധതിയിലൂടെ സഹായം ലഭിക്കുക.
Discussion about this post