കൊല്ലം: ജില്ലയില്‍ കിഴക്കന്‍ മേഖലയില്‍ മഴ ശക്തിപ്രാപിച്ചു. ഇതോടെ കല്ലടയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഒഴുക്ക് ശക്തമായതിനാല്‍ കല്ലടയാറ്റില്‍ ഇറങ്ങരുതെന്നും സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കല്ലടയാറ്റിന്റെ തീരമായ ചോഴിയക്കോട് മില്‍പ്പാലം, കല്ലുവെട്ടാംകുഴി, ആറ്റിനുകിഴക്കേക്കര, അമ്പലക്കടവ് വള്ളക്കടവ്, അമ്പതേക്കര്‍, നെടുവെണ്ണൂര്‍ക്കടവ്, പൂമ്പാറ എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. അതേസമയം ചോഴിയക്കോട്ട് മണ്ണിടിച്ചിലുണ്ടായി. ആളപായമില്ല. പുനലൂരില്‍ ഇന്നലെ പെയ്തത് 4.2 സെന്റിമീറ്റര്‍ മഴയാണ്.
അടിയന്തര സാഹചര്യം നേരിടാനും ആളുകളെ മാറ്റിപാര്‍പ്പിക്കാനുമായി സ്‌കൂളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ചോഴിയക്കോട് ഗവ. എല്‍പി സ്‌കൂള്‍, കല്ലുവെട്ടാംകുഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വില്ലുമല എല്‍പി സ്‌കൂള്‍, അങ്കണവാടികള്‍, ഇഎസ്എം കോളനി ഗവ.എല്‍പി സ്‌കൂളുകളിലാകും ക്യാംപുകള്‍.
ഞായറാഴ്ച കനത്ത മഴയില്‍ 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 6 കിണറുകള്‍ക്കും നാശമുണ്ടായതില്‍ ആകെ 8.5 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കി. കൊട്ടാരക്കര താലൂക്കിലാണ് ഏറ്റവുമധികം വീടുകള്‍ ഇന്നലെ മാത്രം ഭാഗികമായി തകര്‍ന്നത്. 7 എണ്ണം. ഇവിടെ 4 കിണറുകള്‍ക്കും നാശമുണ്ട്. രണ്ടര ലക്ഷത്തിന്റെ നാശം കണക്കാക്കി. കുന്നത്തൂരില്‍ 5 വീടുകള്‍ക്ക് നാശമുണ്ടായതില്‍ 2.5 5 ലക്ഷമാണ് നഷ്ടം. കൊല്ലത്ത് 5 വീടുകള്‍ക്കും ഒരു കിണറിനുമാണ് നാശം. നഷ്ടം 1.68 ലക്ഷം . കരുനാഗപ്പള്ളിയില്‍ 3 വീടിനും ഒരു കിണറിനും നാശമുണ്ടായതില്‍ ഒരു ലക്ഷത്തോളം നഷ്ടം കണക്കാക്കി . പത്തനാപുരത്ത് ഒരു വീട് തകര്‍ന്നതില്‍ 30,000 രൂപയും പുനലൂരില്‍ 2 വീടുകള്‍ക്ക് 47000 രൂപയും നഷ്ടം കണക്കാക്കി.
Discussion about this post