മൂന്നാര്‍: മൂന്നാര്‍ രാജമലയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് കേരള പോലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ പോലീസ് നായ ആണ്. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം മാത്രം പ്രായമുളള ലില്ലിയെന്ന പോലീസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ നടക്കുന്ന പരിശീലനം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മായ എന്ന് വിളിക്കുന്ന ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുന്‍കൈയ്യെടുത്ത് മൂന്നാറിലേയ്ക്ക് അയച്ചത്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടുന്ന പോലീസ് സേനയിലെ പുതിയ ബാച്ചിലെ 35 നായ്ക്കളില്‍ പെട്ടവരാണിവര്‍. മായ ഉള്‍പ്പെടെ രണ്ട് നായ്ക്കള്‍ക്കാണ് മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.ജി.സുരേഷ് ആണ് പരിശീലകന്‍. പി. പ്രഭാത് ആണ് ഹാന്റ്‌ലര്‍. ജോര്‍ജ് മാനുവല്‍ കെ.എസ് അസിസ്റ്റന്റ് ഹാന്റ്‌ലറും.
മൂന്നാറിലെത്തിയ ഡോണ എന്ന നായ് മണ്ണിനടിയില്‍ മനുഷ്യര്‍ ജീവനോടെയുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ വിദഗ്ദ്ധ പരിശീലനം നേടിയതാണ്. അഞ്ച് മണിക്കൂര്‍ വരെ തുടര്‍ച്ചയായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാന്‍ വര്‍ക്കിംഗ് ലാബ്രഡോര്‍ വിഭാഗത്തില്‍ പെട്ട ഡോണയ്ക്ക് കഴിയും. പ്രദീപ്. പി ആണ് ഹാന്റ്‌ലര്‍. അനീഷ് ടി.ആര്‍ അസിസ്റ്റന്റ് ഹാന്റ്‌ലര്‍ ആണ്. നാളെയും ഇവയുടെ സേവനം മൂന്നാറില്‍ ലഭ്യമാക്കും.
സംസ്ഥാനത്ത് നിലവില്‍ എല്ലാ ജില്ലകളിലും ഡോഗ് സ്‌ക്വാഡുകള്‍ ഉണ്ട്. 150 നായ്ക്കളാണ് കേരള പോലീസില്‍ ഉളളത്. പഞ്ചാബ് പോലീസിന്റെ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് ഇവയെ വാങ്ങിയത്. കേരള പോലീസിലെ എട്ട് നായ്ക്കള്‍ക്ക് മയക്കുമരുന്ന് കണ്ടെത്താന്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. പരിശീലനം കഴിഞ്ഞ് വിവിധ ജില്ലകളില്‍ നിയോഗിക്കപ്പെട്ട ഇവ ഇതിനകംതന്നെ അഞ്ച് കേസുകള്‍ കണ്ടെത്തിക്കഴിഞ്ഞു.
Discussion about this post