മൂന്നാര്‍: ഇടുക്കി പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരോട് സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. നടപടികളിലും ധനസഹായ പ്രഖ്യാപനത്തിലും ഇടുക്കിയോട് സര്‍ക്കാര്‍ വേര്‍തിരിവ് കാണിച്ചുവെന്നും ഡീന്‍ ആരോപിച്ചു. മൂന്നാറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ്.
ഇനിയും 45 ആളുകളെ കണ്ടെത്താനുണ്ട്. 26 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഇന്ന് വീണ്ടും തിരച്ചില്‍ ആരംഭിക്കുകയാണ്. ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ പ്രഖ്യാപനങ്ങളും സമീപനങ്ങളും അങ്ങേയറ്റം ഈ നാടിനോടുള്ള തരംതിരിവായി കാണുകയാണെന്ന് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി എത്തുമെന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നു. അത് മുഖ്യമന്ത്രി കാണേണ്ടതായിരുന്നു.അദ്ദേഹം നേരത്തെ തന്നെ ഇവിടെ എത്തേണ്ടതായിരുന്നു. എന്തുകൊണ്ട് വന്നില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും ഡീന്‍ പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായ സ്ഥലത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിസഭയിലെ ഏതാണ്ട് മിക്ക മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെയുള്ള ഭരണസംവിധാനത്തിന്റെ മുഴുവന്‍ ആളുകളും സന്ദര്‍ശനം നടത്തുകയുണ്ടായി. കേന്ദ്രമന്ത്രിയും സന്ദര്‍ശനത്തിനെത്തിയെന്നും അദ്ദേഹം ചൂണ്ടികാട്ടി. ദുരന്തസമയത്ത് പെട്ടിമുടിയില്‍ 82 ആളുകള്‍ ഉണ്ടായിരുന്നു. 71 ആളുകളെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത്രയും ഭീകരമായ ഒരു ദുരന്തം ഈ നാട്ടില്‍ നടന്നതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള സമീപനത്തില്‍ വ്യത്യാസം കാണുന്നതായും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
Discussion about this post