ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും രാവിലെ പുനരാരംഭിച്ചു. നാല് മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 22 ആയി. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലാണ് രണ്ടാം ദിവസം തിരച്ചില്‍ ജോലികള്‍ നടക്കുന്നത്.
അതേസമയം പെട്ടിമുടിയില്‍ ഇപ്പോഴും ചാറ്റല്‍ മഴ തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനില്‍ക്കുന്നതിനാല്‍ ചതുപ്പ് പോലെ രൂപപ്പെട്ട് ചവിട്ടുന്നിടം താഴ്ന്ന് പോകുന്ന സ്ഥിതിയുണ്ട്. ഇതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.
വെള്ളിയാഴ്ച്ച കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ രാജാമലയിലെ ടാറ്റാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇവരുടെ സംസ്‌ക്കാര ചടങ്ങുകളും പെട്ടിമുടിയില്‍ കമ്പനി അനുവദിച്ച സ്ഥലത്ത് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.രാജമലയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുന്ന സാഹചര്യമുണ്ട്. വലിയ വാഹനങ്ങള്‍ ദുരന്തമുഖത്തേക്കെത്തിക്കുന്നതിന് ഇത് വെല്ലുവിളി ഉയര്‍ത്തുന്നു.
പെട്ടിമുടി ദുരന്തം കൂടാതെ ഉണ്ടായിട്ടുള്ള പ്രധാന നാശനഷ്ടം
1. ചപ്പാത്ത് വണ്ടിപ്പെരിയാറ്റില്‍ പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി.
2. വണ്ടന്‍മേട് പഞ്ചായത്തിലെ ശാസ്താ നടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി 20 ഏക്കറോളം കൃഷിനശിച്ചു. 10 ഓളം വീടുകള്‍ തകര്‍ന്നു.
3. കട്ടപ്പനയാറിന്റെ ഉത്ഭവകേന്ദ്രമായ ചെകുത്താന്‍മലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. ഏക്കറുകണക്കിന് കൃഷി നശിച്ചു.
4. കിഴക്കേ മാട്ടുക്കട്ടയില്‍ 10 ഏക്കറോളം കൃഷി ഒലിച്ചുപോയി.
5. തേക്കടി – കൊച്ചി സംസ്ഥാന പാതയിലെ നിരപ്പേല്‍ക്കട കൊച്ചു പാലത്തിന്റെ പകുതിയോളം ഒലിച്ചുപോയി.
6. വള്ളക്കടവ് മുതല്‍ തോണിത്തടിവരെയുള്ള പെരിയാറിന്‍ തീരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി.
Discussion about this post