കണ്ണൂര്‍: ക്വാറന്റീനില്‍ കഴിയവേ ആത്മഹത്യയ്ക്കു ശ്രമിച്ച മൊകേരി പാത്തിപ്പാലം സ്വദേശിയുടെ രക്ഷകനായി പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.വി.ഗണേശന്‍.
യുവാവ് ആത്മഹത്യ ചെയ്‌തെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ എസ്‌ഐ
ഇയാള്‍ക്ക് ജീവന്‍ ബാക്കിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ സുരക്ഷാ വസ്ത്രം പോലും ഉപയോഗിക്കാതെ പ്രഥമ ശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിക്കുകയായിരുന്നു.
മൊകേരിയില്‍ യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്‌ഐ സ്ഥലത്തെത്തിയത്. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ശരീരം. നടപടിക്രമത്തിന്റെ ഭാഗമായി മൊബൈലില്‍ ചിത്രം പകര്‍ത്തുന്നതിനിടെയാണു വസ്ത്രത്തില്‍ നേരിയ ചലനം കണ്ടത്. ജീവന്‍ ബാക്കിയുണ്ടെന്നു തിരിച്ചറിഞ്ഞു ഒരു നിമിഷം പോലും പാഴാക്കാതെ എസ്‌ഐ ആരോഗ്യപ്രവര്‍ത്തകന്റെ റോളിലേക്കു മാറുകയായിരുന്നു. സുരക്ഷാ വസ്ത്രം പോലും ഉപയോഗിക്കാതെയാണ് എസ്‌ഐ പ്രഥമശുശ്രൂഷ നല്‍കിയത്.
പിപിഇ കിറ്റ് വാഹനത്തിലുണ്ടായിരുന്നെങ്കിലും അതെടുക്കാനുള്ള സമയമില്ലായിരുന്നു. നെഞ്ചില്‍ കൈപ്പത്തി അമര്‍ത്തി സിപിആര്‍ നല്‍കി. ശ്വാസോച്ഛ്വാസം ഏതാണ്ടു സാധാരണ നിലയിലാകുന്നതുവരെ ഇതു തുടര്‍ന്നു. പിന്നീട് പൊലീസ് വാഹനത്തില്‍ പാനൂര്‍ സിഎച്ച്‌സിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. അപകടനില തരണം ചെയ്തിട്ടുണ്ട്. എസ്‌ഐയും സംഘത്തിലുണ്ടായിരുന്ന 6 പൊലീസുകാരും സഹായിക്കാനെത്തിയ രണ്ടു നാട്ടുകാരും ക്വാറന്റീനില്‍ പ്രവേശിച്ചു.
ഗള്‍ഫില്‍നിന്നു നാട്ടിലെത്തിയ പാത്തിപ്പാലം സ്വദേശി വീട്ടില്‍ ക്വാറന്റീനിലായിരുന്നു. ഇന്നലെ രാവിലെ ഭക്ഷണവുമായെത്തിയ മാതാവാണു കഴുത്തില്‍ തുണിയുടെ കുരുക്ക് കെട്ടിയ നിലയില്‍ താഴെ വീണു കിടക്കുന്ന ആളെ കണ്ടത്. വീടിനുള്ളിലെ ഫാനില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെയാണു താഴെ വീണത്.
Discussion about this post