സ്വർണ്ണ വായ്പയുടെ മാർഗനിർദേശങ്ങൾ ലഘൂകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . പുതിയ നിർദേശപ്രകാരം സ്വർണ്ണത്തിന്റെ മൂല്യത്തിനനുസരിച്ച് 90 ശതമാനം വരെ വായ്പ ലഭ്യമാകും. ഇൗ ഇളവ് മാർച്ച് 31വരെയാണുള്ളത്.
ഇപ്പോഴത്തെ മാർഗനിർദേശങ്ങളനുസരിച്ച് കാർഷികേതര ആവശ്യങ്ങൾക്കായി സ്വർണ്ണാഭരണം പണയം വെയ്ക്കുമ്പോൾ മൂല്യത്തിന്റെ 75 ശതമാനമാണ് വായ്പയ്ക്കായി അനുവദിക്കുന്നത്.
കോവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംരംഭകർ, ചെറുകിട ബിസിനസുകാർ, വ്യക്തികൾ എന്നിവർക്കുള്ള അനുവദനീയ വായ്പാമൂല്യത്തിൽ വർധന വരുത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്വർണ്ണ പണയ വായ്പകൾക്ക് ആവശ്യക്കാർ ഏറിയതിനാൽ സുരക്ഷിത ഇടപാട് എന്ന നിലയിൽ ബാങ്കുകളും പരമാവധി വായ്പ അനുവദിക്കുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ട്.
സ്വർണ്ണപണയ വായ്പ സ്ഥാപനങ്ങൾക്കുപുറമെ, പൊതുമേഖല-സ്വകാര്യ ബാങ്കുകളും ഉപഭോക്താക്കളെ ആകർഷിക്കാനായി പ്രത്യേക ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്.
താൽക്കാലിക ആവശ്യങ്ങൾക്കുളള സഹായമാണ് സ്വർണ്ണവായ്പയെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും ഹ്രസ്വകാലത്തേയ്ക്കു മാത്രമെ ഇത്തരം വായ്പകൾ പരിഗണിക്കാനാവൂ.
നിലവിൽ പ്രൊസസിങ് ചാർജ് കൂടാതെ മൂല്യനിർണയ നിരക്കുകൂടി ഉപഭോക്താക്കളിൽനിന്ന് വായ്പ നൽകുന്നവർ ഈടാക്കാറുണ്ട്.
Discussion about this post