തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം നടത്തുന്ന പൊതു തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ രണ്ടാംഘട്ട പുതുക്കല്‍ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌ക്കരന്‍ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും ജൂണ്‍ 17ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയാണ് വീണ്ടും പുതുക്കുന്നത്.
17 നു പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് 12 നു കരടായി പ്രസിദ്ധീകരിക്കും. കരട് പട്ടികയില്‍ പുരുഷന്‍മാര്‍ 1,25,40,302,സ്ത്രീകള്‍ 1,36,84,019, ട്രാന്‍സ്‌ജെന്‍ഡര്‍ 180 എന്നിങ്ങനെ ആകെ 2,62,24,501 വോട്ടര്‍മാരാണുള്ളത്.
www.lsgelection.kerala.gov.in ല്‍ കരട് വോട്ടര്‍പട്ടിക പരിശോധനയ്ക്ക് ലഭിക്കും. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് 12 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഉള്‍ക്കുറിപ്പുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കണം. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷകൾ നേരിട്ടോ തപാലിലൂടെയോ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 26 ആണ്. അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 26ന് പ്രസിദ്ധീകരിക്കും.കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മരണപ്പെട്ടവരുടെ പേരു വിവരം ഒഴിവാക്കുന്നതിന് ഇലക്ട്രല്‍ രജിസ്രേഷന്‍ ഓഫീസര്‍ സ്വമേധയാ നടപടി സ്വീകരിക്കും. ജനുവരി 20ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ കൂടി പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കാനും പരിശോധനകളും, ഹിയറിംഗും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Discussion about this post