അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര ശിലാസ്ഥാപനം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രംപണിക്ക് ഔപചാരിക തുടക്കംകുറിക്കും. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് തുടക്കമാകുന്നത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് ഭൂമിപൂജ നടക്കുക. രണ്ട് മണിക്കൂര്‍ നീളുന്നതാണ് ഭൂമിപൂജ. തുടര്‍ന്ന് പൂജയ്ക്കിടയില്‍ 30 സെക്കന്റ് മാത്രം നീളുന്ന മുഹൂര്‍ത്തത്തില്‍ ശിലാസ്ഥാപനകര്‍മം മോദി നിര്‍വഹിക്കും. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസ് ആണ് വെള്ളിക്കട്ടി സംഭാവന ചെയ്തത്. ചടങ്ങ് കഴിഞ്ഞാല്‍ വെള്ളിക്കട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.
കേന്ദ്രസേനയുടെ കനത്ത സുരക്ഷാ വലയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകളുടെ ഭാഗമാകുക. ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്, രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യു.പി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കേ മോദിക്കൊപ്പം വേദിയില്‍ ഇരിപ്പിടമുണ്ടാകൂ. കോവിഡിന്റെ സാഹചര്യത്തില്‍ ആറടി അകലത്തിലാണ് എല്ലാവര്‍ക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളില്‍ 135 പേര്‍ മതനേതാക്കളാണ്.
സരയൂ നദിക്കരയിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. സരയൂ തീരത്ത് ചൊവ്വാഴ്ച വൈകീട്ടുനടന്ന ആരതിയില്‍ പ്രദേശവാസികളെ മാത്രമാണ് പങ്കെടുപ്പിച്ചത്.
Discussion about this post