കൊല്ലം : കോവിഡ് കാലത്ത് അതിജീവനത്തിന് പുതിയ പാഠം പകരുകയാണ് നാഷണൽ സർവീസ് സ്കീം. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകുന്ന സാഹചര്യത്തിൽ സേവനത്തിൻ്റെ വേറിട്ട മാതൃകയുമായി എത്തുകയായിരുന്നു കുലശേഖരപുരം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിലെ നാഷണൽ സർവ്വീസ് സ്കീം പ്രവർത്തകരും അധ്യാപകരും.
കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററുകളിൽ ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിക്കുന്നതിനായി അഞ്ചു റഫ്രിഡ്ജറേറ്ററുകൾ സംഭാവന ചെയ്താണ് ഇവർ മാതൃകയായത്.
എംഎൽഎ ആർ.രാമചന്ദ്രൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി.രാധാമണിയിൽ നിന്നും റഫ്രിഡ്ജറേറ്ററുകൾ ഏറ്റുവാങ്ങി.
“സഹപാഠിക്കൊരു സ്നേഹവീട്”, വീട്ടമ്മമാർക്ക് തൊഴിൽ നൽകുന്ന ‘ഉപജീവനം’ ഗാർമെൻ്റ്സ് യൂണിറ്റ്, പ്ലാസ്റ്റിക്ക് രഹിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റ്, റയിൽവേ യാത്രക്കാർക്കുള്ള തുറന്ന വായനശാല, മാസ്ക് നിർമ്മാണം, ഓൺലൈൻ പഠനത്തിനുള്ള ടെലിവിഷൻ വിതരണം, സഹപാഠിയ്ക്കൊരു പഠനമുറി , “തീരത്തിനൊപ്പം” പദ്ധതി പ്രകാരം ധാന്യക്കിറ്റ് വിതരണം ഇങ്ങനെ നാടിനും മറ്റ് സ്കൂളുകൾക്കും മാതൃകയാക്കാവുന്ന നിരവധി പ്രവർത്തനങ്ങളാണ് കുലശേഖരപുരം സ്കൂൾ നാഷണൽ സർവീസ് സ്കീം ഇതിനോടകം ചെയ്തിട്ടുള്ളത്.
Discussion about this post