കൊല്ലം: കൊല്ലം ജില്ലയിലെ വടക്കു പടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി വികസനത്തിനൊരുങ്ങുന്നു. 90 കോടി രൂപയുടെ സമഗ്ര വികസന പ്രവര്‍ത്തനങ്ങളാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്നത്.അത്യാധുനിക സൗകര്യങ്ങളുള്ള എട്ടു നിലകളുള്ള ആശുപത്രി സമുച്ചയമാണ് ഉയരുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 66.4 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തുടങ്ങുന്നത്. കിഫ്ബി വഴിയാണ് ധനസഹായം.
സുനാമി ബില്‍ഡിങ് അടക്കമുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയതിനു ശേഷമാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. നിലവിലുള്ള തെക്കു വടക്കു ഭാഗത്തെ രണ്ടുനില കെട്ടിടത്തിന് മുകളില്‍ രണ്ടു നിലകള്‍ കൂടി ഉയരും. ഒ പി, ഐ പി, ലാബ്, എക്‌സ് റേ, ഓഫീസ്, മെഡിസിന്‍ സ്റ്റോറുകള്‍, പേ വാര്‍ഡുകള്‍ എന്നിവയെല്ലാം പുതിയ ബില്‍ഡിങ്ങിലേക്ക് മാറും. അത്യാധുനിക സംവിധാനമുള്ള രണ്ട് ഓപ്പറേഷന്‍ തിയേറ്ററുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ എക്‌സ്‌റേ, ലാബ്, എയര്‍കണ്ടീഷന്‍ഡ് ഫാര്‍മസി സ്റ്റോര്‍ എന്നീ സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഉണ്ട്. പന്ത്രണ്ടോളം ചികിത്സാ വിഭാഗങ്ങളുമുണ്ട്.
കെ എസ് ഇ ബി യുടെ കണ്‍സ്ട്രക്ഷന്‍ വിങ്ങിനാണ് നിര്‍മാണച്ചുമതല. ഓഗസ്റ്റ് 10 നകം നിര്‍മാണം തുടങ്ങി 29 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കത്തക്ക രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നതെന്ന് ആര്‍ രാമചന്ദ്രന്‍ എം എല്‍ എ പറഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവ കേസുകളും ആക്‌സിഡന്റ് കേസുകളും കൈകാര്യം ചെയ്യുന്ന ഏക താലൂക്ക് ആശുപത്രിയാണിത്. ആധുനിക സംവിധാനങ്ങള്‍ വരുന്നതോടെ ട്രോമാ കെയര്‍ യൂണിറ്റ് അടക്കം ആരംഭിക്കാന്‍ കഴിയും. അത്യാധുനിക സംവിധാനങ്ങള്‍ ഒരുങ്ങുന്നതോടെ ജനറല്‍ ആശുപത്രി തലത്തിലേക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post