ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തി. ഹരിയാനയിലെ അംബാലയിലുള്ള വ്യോമത്താവളത്തിലാണ് റഫാല്‍ വിമാനങ്ങള്‍ പറന്നിറങ്ങിയത്. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വ്യോമസേന വിമാനങ്ങളെ സ്വീകരിച്ചത്. വ്യോമസേന മേധാവി ആര്‍.കെ.എസ്.ബദൗരിയ റഫാല്‍ വിമാനങ്ങളെ സ്വീകരിക്കാനെത്തി.
ആദ്യ ഘട്ടത്തില്‍ അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്. അകമ്പടിയായി രണ്ട് സുഖോയ് Su-30 MKI യുദ്ധവിമാനങ്ങളുമുണ്ട്. മൂന്ന് ഒറ്റസീറ്റര്‍ വിമാനങ്ങളും രണ്ട് ഇരട്ടസീറ്റര്‍ വിമാനങ്ങളുമാണ് റഫാലിന്റെ ആദ്യസംഘത്തിലുള്ളത്. ദാസോ ഏവിയേഷനില്‍ നിന്ന് 36 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഉച്ചയ്ക്ക് 1.40ഓടെയാണ് ഇന്ത്യന്‍ സമുദ്രമേഖലയിലേക്ക് റഫാല്‍ വിമാനങ്ങള്‍ എത്തിച്ചേര്‍ന്നത്.
റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് വിദഗ്ധനായ പൈലറ്റും കമാന്‍ഡിംഗ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍കിരത് സിംഗ് നയിക്കുന്ന സംഘമാണ് നേതൃത്വം നല്‍കിയത്. ഫ്രാന്‍സില്‍ നിന്ന് റഫാല്‍ പറത്തിയ പൈലറ്റുമാരില്‍ ഒരാള്‍ കോട്ടയം സ്വദേശി വിവേക് വിക്രമാണ്.
ആര്‍ബി-01 എന്ന നമ്പരാണ് റഫാല്‍ ജെറ്റുകളിലെ ആദ്യ വിമാനത്തിന് വ്യോമസേന നല്‍കിയിരിക്കുന്നത്. വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയയുടെ പേരില്‍ നിന്നാണ് ആര്‍, ബി എന്നീ രണ്ട് അക്ഷരങ്ങള്‍ എടുത്തിരിക്കുന്നത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്റെ ചെയര്‍മാനായിരുന്നു ബദൗരിയ. ഇക്കാരണത്താലാണ് ഇങ്ങനെ നാമകരണം ചെയ്തത്.
ഇന്ത്യയിലേക്കുള്ള യാത്രക്കിടെ ഫ്രാന്‍സിന്റെ ടാങ്കര്‍ വിമാനങ്ങളില്‍ നിന്ന് ആകാശത്തുവെച്ച് തന്നെ ഇന്ധനം നിറച്ചിരുന്നു.
റഫാലിന്റെ വരവ് പ്രതിരോധശേഷിയില്‍ വിപ്ലവമുണ്ടാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
Discussion about this post