തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കെ ഫോണ്‍ കരാറില്‍ 500 കോടി രൂപയുടെ അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന ആരോപണമാണ് സുരേന്ദ്രന്‍ ഉന്നയിച്ചിരിക്കുന്നത്. സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിരവധി അഴിമതികള്‍ നടത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഐഎം കേന്ദ്രകമ്മിറ്റി സ്വര്‍ണ്ണക്കടത്തിനെ പിന്തുണയ്ക്കുന്നത് പാര്‍ട്ടി അഴിമതിയുടെ പങ്ക് പറ്റുന്നതുകൊണ്ടാണെന്ന് വെര്‍ച്ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
സിപിഐഎമ്മുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു സഹകരണ സ്ഥാപനമാണ് കെ ഫോണ്‍ ഇടപാടിന്റെ ഒന്നാമത്തെ ഗുണഭോക്താവ്. കേരളം മുഴുവന്‍ ആദരിക്കുന്ന ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവിന്റെ പേരിലാണ് ആ സ്ഥാപനം ഇന്ന് അറിയപ്പെടുന്നത്. വാഗ്ഭടാനന്ത ഗുരുദേവന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട ഊരാളുങ്കല്‍ ലേബര്‍ സര്‍വ്വീസ് സൊസൈറ്റിയാണ് ഇതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളെന്നും സുരേന്ദ്രന്‍ പറഞ്ഞു. വഴിവിട്ട സഹായമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് ചെയ്തുകൊടുക്കുന്നത്.കെ ഫോണ്‍ ഇടപാടില്‍ വളരെ ശക്തമായ സാന്നിധ്യം ഊരാളുങ്കല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് ഉണ്ട്. അതിനാല്‍ ഇതില്‍ ശിവശങ്കറിനും സ്വപ്നയ്ക്കും മാത്രല്ല സിപിഐഎം നേതാക്കള്‍ക്കും പങ്കുണ്ട്. ശിവശങ്കറിനെയും സ്വപ്നയെയും പഴിചാരി രക്ഷപ്പെടാനുള്ള ആസൂത്രിത നീക്കവും സിപിഐഎം നടത്തുന്നുണ്ട്.
അഴിമതിയുടെ കാര്യത്തില്‍ സിപിഐഎമ്മിന് മുന്നണിയൊന്നും പ്രശ്‌നമല്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ സംരംഭകര്‍ ഇല്ലാത്തതുകൊണ്ടാണോ ഹവാല, കള്ളപ്പണം, ഭൂമിതട്ടിപ്പ് തുടങ്ങിയ കേസില്‍പ്പെട്ട കോണ്‍ഗ്രസുകാരെ സഹായിക്കുന്നതെന്ന് സിപിഐഎം വ്യക്തമാക്കണം. സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ട്. കാഞ്ഞങ്ങാട്ട് റോബര്‍ട്ട് വാദ്രയും സി.സി തമ്പിയും ചേര്‍ന്ന് കൊണ്ടുവന്ന 150 കോടിയുടെ ടൂറിസം റിസോര്‍ട്ട് നഷ്ടത്തിലായതോടെ ഇ.പി ജയരാജന്‍ ഇന്‍കെല്‍ വഴി സംസ്ഥാന സര്‍ക്കാരിനായി ഏറ്റെടുത്തുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു
സ്മാര്‍ട്ട് സിറ്റിയുടെ 30 ഏക്കര്‍ ഭൂമി ഒരു സ്വകാര്യ കമ്പനിക്ക് മറിച്ച് കൊടുക്കാന്‍ ഇതേ സംഘം ശ്രമിച്ചു. അതേക്കുറിച്ച് മുഖ്യമന്ത്രി ഇപ്പോള്‍ സംസാരിക്കുന്നില്ല. പുരപ്പുറ സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Discussion about this post