തിരുവനന്തപുരം: കോവിഡ് സംബന്ധിച്ച വാര്‍ത്തകള്‍, സന്ദേശങ്ങള്‍ എന്നിവ കണ്ടെത്തി നടപടിയെടുക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴില്‍ ആരംഭിച്ച ഫാക്ട് ചെക്ക് വിഭാഗത്തിന്റെ ഘടനയും, പ്രവര്‍ത്തനങ്ങളും വിപുലീകരിച്ചു. കോവിഡ് അനുബന്ധ വ്യാജ വാര്‍ത്തകള്‍ക്ക് പുറമെ സര്‍ക്കാരിനെയും, ജനങ്ങളെയും ബാധിക്കുന്ന വ്യാജ സന്ദേശങ്ങളും ഇനി ഫാക്ട് ചെക്കിന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പെടും.
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി എല്ലാ ജില്ലാ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളിലും ഫാക്ട് ചെക്ക് സെല്ലുകള്‍ സ്ഥാപിക്കും. കൂടുതല്‍ പേരിലേക്ക് വിവരങ്ങള്‍ എത്തിക്കാനായി ഒരു വെബ് പോര്‍ട്ടലും ഒരുങ്ങുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് സംശയം തോന്നുന്ന വാര്‍ത്തകള്‍, സന്ദേശങ്ങള്‍ എന്നിവ ഫാക്ട് ചെക്കിന്റെ വാട്‌സ്ആപ്പ് നമ്പര്‍ ആയ 9496003234ലേക്ക് കൈമാറാം.
പൊതുജനങ്ങള്‍ ഫാക്ട് ചെക്ക് വിഭാഗത്തിന് വാട്‌സാപ്പിലൂടെ കൈമാറിയ 1635 സംശയകരമായ സന്ദേശങ്ങള്‍ / വാര്‍ത്തകളില്‍ 1586 എണ്ണത്തിന് വാട്‌സാപ്പ് അഡ്മിന്‍ മുഖാന്തരം മറുപടി നല്‍കി. കൂടുതല്‍ അന്വേഷണവും ഉറപ്പാക്കലും ആവശ്യമായതും, സര്‍ക്കാരിനെയും ജനജീവിതത്തെയും സാരമായി ബാധിക്കുന്നതുമായ 49 എണ്ണം ഫാക്ട് ചെക്ക് വിഭാഗം നിജസ്ഥിതി കണ്ടെത്തി ഫേസ്ബുക്കിലൂടെ (https://www.facebook.com/IPRDFactCheckKerala/ ) ജനങ്ങളെ അറിയിക്കുകയും ചെയ്തു.ഗൗരവമുള്ള 12 എണ്ണം കേരളാ പോലീസിന്റെ സൈബര്‍ഡോമിന് തുടര്‍നടപടികള്‍ക്കായി കൈമാറി.
Discussion about this post