തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായി ചെന്നിത്തല മാറിയെന്നാണ് കോടിയേരിയുടെ ആരോപണം. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അല്ലാത്തൊരാള്‍ മുഖ്യമന്ത്രിയാകുകയാണ് ആര്‍എസ്എസിന്റെ താല്‍പ്പര്യം. അതിന് ചെന്നിത്തലയ്ക്ക് എല്ലാ പ്രോത്സാഹനവും ആര്‍എസ്എസ് ചെയ്തുകൊടുക്കുകയാണ്. ആര്‍എസ്എസിന്റെ അജണ്ട കോണ്‍ഗ്രസുകാര്‍ തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരിയുടെ ആരോപണങ്ങള്‍.
ആര്‍എസ്എസിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കിക്കൊടുക്കുന്ന പ്രതിപക്ഷമായി കേരളത്തിലെ പ്രതിപക്ഷം മാറിയെന്നും കോടിയേരി കുറ്റപ്പെടുത്തി. കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലും പോരടിക്കുന്ന കോണ്‍ഗ്രസും ബിജെപിയും കേരളത്തില്‍ മാത്രം ഒറ്റ മനസ്സോടെ പ്രവര്‍ത്തിക്കുകയാണ്. ആയിരം നുണകള്‍ ഒരേസമയം പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും ചെയ്യുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
സമ്പൂര്‍ണ ലോക്ഡൗണ്‍ സംബന്ധിച്ചുള്ള തീരുമാനം പ്രായോഗിക ബുദ്ധിമുട്ടുകളും സര്‍വകക്ഷിയോഗത്തിലെ നിര്‍ദേശങ്ങളും പരിഗണിച്ച് മാത്രമേ ഉണ്ടാകൂ. പിടിച്ചാല്‍ കിട്ടാത്ത നിലയിലേക്ക് രോഗികളുടെ എണ്ണം കൂടിയാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കും. അത് സര്‍ക്കാര്‍ യുക്തമായ നിലയില്‍ തീരുമാനിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
Discussion about this post