തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തില്‍ ഈ മാസം 27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം റദ്ദാക്കിയ തീരുമാനത്തില്‍ പ്രതിപക്ഷത്തിന് അതൃപ്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തീരുമാനത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി. അവിശ്വാസ പ്രമേയത്തിനു നോട്ടീസ് കൊടുത്ത സാഹചര്യത്തില്‍ ചര്‍ച്ച ഒഴിവാക്കാന്‍ കോവിഡിനെ സര്‍ക്കാര്‍ മറയാക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യുന്നത് സര്‍ക്കാര്‍ ഭയപ്പെടുന്നതിനാലാണ് ഈ തീരുമാനമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എത്ര നീട്ടിവച്ചാലും സെപ്റ്റംബര്‍ 12 നകം സഭ ചേരണം. 6 മാസത്തെ ഇടവേളയില്‍ സഭാ സമ്മേളനം ചേര്‍ന്നേ പറ്റൂവെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭാ സമ്മേളനം മാറ്റിവെക്കാനുള്ള തീരുമാനം രാഷ്ട്രീയ കാരണങ്ങളാലാണെന്ന് താന്‍ വിശ്വസിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉണ്ടായ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് സീറ്റുകള്‍ ഇട്ട് സഭാ സമ്മേളനം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അതിനിടെയാണ് സ്വര്‍ണ്ണക്കടത്ത് കേസ് വന്നതും മുഖ്യമന്ത്രിയുടെ ഓഫീസടക്കം സംശയത്തിന്റെ നിഴലിലായതും. സ്പീക്കര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയവും സ്പീക്കറെ മാറ്റണമെന്ന പ്രമേയവും നല്‍കിയത്. ഇതാണ് നിയമസഭാ സമ്മേളനം റദ്ദാക്കിയ തീരുമാനത്തിന് പിന്നിലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മാത്രമല്ല, പ്രതിപക്ഷം നോട്ടീസ് നല്‍കി ദിവസങ്ങളായിട്ടും നിയമസഭ സെക്രട്ടറിയേറ്റ് അത് ബുള്ളറ്റിന്‍ ആയി പ്രസിദ്ധീകരിച്ചിട്ടുമില്ല.
തീയതി തീരുമാനിച്ച ശേഷം സഭാ സമ്മേളനം റദ്ദാക്കുന്നത് ആദ്യമാണ്. തിരുവനന്തപുരത്തടക്കം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സഭാ സമ്മേളനം ചേരുന്നതു വിപത്താകുമെന്നാണു ഭരണപക്ഷത്തിന്റെ വാദം. സഭയിലെ 140 അംഗങ്ങളില്‍ 47 പേര്‍ക്ക് 65 നു മുകളില്‍ പ്രായമുണ്ട്. മറ്റു പലരും 65 ന് അടുത്താണ്. കോവിഡ് വ്യാപന മേഖലകളില്‍ നിന്നു വരുന്നവരുമുണ്ട്. സഭയിലേക്കു പുറത്തു നിന്നു വായു കടക്കാന്‍ സംവിധാനമില്ല. 140 പേര്‍ ഒരുമിച്ചിരുന്നാല്‍ സമ്പര്‍ക്കവ്യാപന ഭീഷണിയുണ്ടെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളില്‍ ഇടതുമുന്നണിയിലെ തന്നെ പല കക്ഷികള്‍ക്കും പ്രയാസമുണ്ടെന്ന വസ്തുത കൂടി കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം മാറ്റിയതെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post